പാചകം ചെയ്യുന്നത് ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്, അത് ചെയ്യുന്നവർക്ക്.(തട്ടുകടകളെയും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളെയും പതിവായി ആശ്രയിച്ച് ഉദരരോഗത്തിന് കപ്പം കൊടുക്കാൻ തീരുമാനിച്ചിട്ടുള്ള, ശാരീരിക അദ്ധ്വാനത്തിൽ തെല്ലും വിശ്വാസമില്ലാത്ത അനങ്ങാമെനങ്ങികൾ പൊറുക്കുക) പാചകത്തിന് വിറക് ശേഖരിക്കുന്നതായിരുന്നു നാട്ടിൻപുറത്തൊക്കെ പണ്ടത്തെ വലിയ പെടാപ്പാട്. പട്ടണങ്ങളിലെ കാര്യം പിന്നെ പറയുകയും വേണ്ടായിരുന്നു. ചൂട്ടും കൊതുമ്പുമൊക്കെ വേനൽക്കാലത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുന്നത് നാട്ടിൻപുറത്തെ ഒരു പതിവ് ചിട്ടയുമായിരുന്നു. ഗ്യാസിന്റെ വരവോടെയാണ് ഈ കീറാമുട്ടിക്ക് പരിഹാരമായത്. സുലഭമായി സിലിണ്ടറുകൾ കിട്ടിത്തുടങ്ങിയപ്പോൾ അടുക്കളകാര്യങ്ങളിൽ നല്ല പുരോഗതിയുമായി. വിറകും ചൂട്ടും തേടി അലയേണ്ട ബുദ്ധിമുട്ടും ഒഴിവായി. പക്ഷേ എണ്ണക്കമ്പനികളും കേന്ദ്രത്തിൽ ഭരിക്കാൻ കയറുന്നവരുമെല്ലാം ചേർന്ന് പലപ്പോഴായി സ്വീകരിച്ചിട്ടുള്ള ചില നയങ്ങൾ കാരണം റോക്കറ്റു കയറും പോലെ പാചക വാതകത്തിന്റെ വില അങ്ങനെ ഉയർത്തിക്കൊണ്ടുമിരുന്നു. എല്ലാം സഹിക്കുകയും നിശബ്ദമായി പ്രതിഷേധിക്കുകയുമല്ലാതെ മറ്റു പ്രതികരണങ്ങൾ സാമാന്യ ജനത്തിന് സാദ്ധ്യവുമല്ല. ഇത് എണ്ണക്കമ്പനികൾ നല്ലപോലെ മുതലെടുത്തു.
ലക്കും ലഗാനുമില്ലാതെ വില അങ്ങനെ കയറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് സർക്കാർ ഒരു സമ്പ്രദായം കൊണ്ടുവന്നത്. പാചക വാതകത്തിന് ഒരു സബ്സിഡി നൽകുക. (ചെകിട്ടത്ത് അടി കൊടുത്തിട്ട്, മെല്ലെ ഒന്നുതടവി കൊടുക്കുന്ന ഒരു നൈസ് മാനേഴ്സ്). പക്ഷേ അത് സിലിണ്ടർ വാങ്ങുമ്പോഴല്ല, നൽകുന്ന വിലയിൽ നിന്ന് സബ്സിഡി തുക കുറെ ദിവസങ്ങൾ കഴിയുമ്പോൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തിക്കുക. അതായിരുന്നു പുതിയ രീതി. ആദ്യമൊക്കെ ഉപഭോക്താക്കൾക്ക് ഇത് ലേശം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ക്രമത്തിൽ അങ്ങു ശീലമായി. മാത്രവുമല്ല, പലപ്പോഴായി എത്തുന്ന സബ്സിഡി തുക ഒരു സമയത്ത് നല്ലൊരു തുകയായി കിട്ടുമെന്ന സൗകര്യവുമുണ്ടായി. അതോടെ സർക്കാരും ഹാപ്പി, എണ്ണക്കമ്പനികളും ഹാപ്പി, ഉപഭോക്താക്കളും മറ്റു മാർഗ്ഗമില്ലാതെ ഹാപ്പി.
എന്നാൽ ലോക് ഡൗൺ എത്തിയതോടെ ഈ ഹാപ്പിയിൽ അല്പം കല്ലുകടിയായി. സിലിണ്ടറിന് പണം മുഴുവൻ വാങ്ങുന്നുണ്ടെങ്കിലും അക്കൗണ്ടിലേക്ക് ഒന്നും വരുന്നില്ല. പോക്കറ്ര് കീറിത്തുടങ്ങുന്ന ഘട്ടത്തിൽ എ.ടി.എം കാർഡുമായി ഓടുന്ന മിടുക്കരാണ് ഇക്കാര്യം ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. അഞ്ചു മാസമായി സ്ഥിതി ഇതാണ്. സബ്സിഡി എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെപ്പറ്റി ആർക്കും ഒരറിവുമില്ല. സബ്സിഡിയുള്ളവരും ഇല്ലാത്തവരും നിലവിൽ ഒരേ വിലയാണു പാചകവാതകത്തിന് നൽകേണ്ടി വരുന്നതെന്നതിനാൽ ആരോടെങ്കിലും വേർതിരിവ് കാണിച്ചെന്ന പരാതി ഇല്ലാതായി.
അന്താരാഷ്ട്ര വില ഇടിവും
സബ്സിഡി പ്രതിസന്ധിയും
കൊവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെയാണ് സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞ് സബ്സിഡി വിലയ്ക്കൊപ്പമെത്തിയത്. അടുക്കളയിൽ മാത്രമൊതുങ്ങുന്ന സാധാരണ വീട്ടമ്മമാർക്ക് അറിയില്ലല്ലോ ഈ ലോക സിദ്ധാന്തമൊന്നും. കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയായിരുന്നു. എന്നാൽ വിലക്കുറവിന് മുമ്പുള്ള സിലിണ്ടറുകളുടെ സബ്സിഡി കിട്ടാൻ ന്യായമായും ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലുമെല്ലാം നേരിട്ട് ബാധിക്കുന്നത് പാചകവാതകത്തെയാണ്. ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കുന്നത്. അതിനാൽ സർക്കാർ ഓരോ മാസത്തിലുമാണ് സബ്സിഡി തുക തീരുമാനിക്കുന്നതും. ഇന്ത്യയിൽ പാചകവാതക വില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (പാരിറ്റി പ്രൈസിംഗ് ഓഫ് പെട്രോളിയം പ്രോഡക്റ്റ്സ്). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷ്വറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണിത്. ഇതിനുപുറമേ ബോട്ട്ലിംഗ് ചാർജ്, ഡീലർ കമ്മിഷൻ, ജി.എസ്.ടി എന്നിവയും ഉൾപ്പെടുന്നു. ഇടയ്ക്ക് പാചകവാതക വില അല്പം കുറഞ്ഞത് ഉപഭോക്താക്കൾക്ക് സന്തോഷം പകർന്നതിനാൽ ആരും സബ്സിഡി എന്ന ഇളവിനെക്കുറിച്ച ചിന്തിച്ചേയില്ല. എന്നാൽ ഓർക്കാപ്പുറത്താണ് കഴിഞ്ഞ ദിവസം പാചകവാതകവില 50 രൂപ പൊടുന്നനെ കൂടിയത്. പക്ഷേ സബ്സിഡി കാര്യത്തിൽ വ്യക്തതയൊട്ട് ആയിട്ടുമില്ല.
വീട്ടമ്മമാർക്ക് ആശയക്കുഴപ്പം
സബ്സിഡിയെക്കുറിച്ച് പല വീട്ടമ്മമാരും ഏജൻസികളിലെത്തി അന്വേഷിച്ചു. പാചകവാതക വില കുറഞ്ഞതിനാൽ സബ്സിഡി ഇല്ലെന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ വില കൂടി നിന്ന സമയത്തെ സബ്സിഡി കുടിശികയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഏജൻസികൾക്കുമില്ല വ്യക്തത. സാധാരണക്കാർ ഏറെയുള്ള ആലപ്പുഴ ജില്ലയിൽ സപ്ളൈക്കോയുടേതടക്കം 30 ഗ്യാസ് ഏജൻസികളാണുള്ളത്. എട്ടുലക്ഷത്തിലധികം ഗ്യാസ് കണക്ഷൻ ജില്ലയിൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഇതുകൂടി കേൾക്കണേ
ഏതു മന്ത്രവാദി വന്നാലും കോഴിക്ക് തലപോകും എന്നാണ് നാട്ടിൻപുറത്തെ ചൊല്ല്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില എങ്ങനൊക്കെ കയറിയാലും ഇറങ്ങിയാലും വിലക്കയറ്റത്തിന്റെ ദുരിതം പേറേണ്ടിവരുന്നത് പാവം ജനങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |