തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തായ കേസ് അട്ടിമറിക്കാനാണ് അഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ള പൂശാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുമാണ് മുഖ്യപ്രതിയുടെ പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്. ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്ന് പുറത്തുവരില്ല. ഈ ശബ്ദസന്ദേശമാണ് സി.പി.എം. ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത്.
ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം ചോർന്നതിൽ കേസെടുക്കാനാവില്ലെന്നും അന്വേഷണത്തിന് അനുമതി വാങ്ങി നൽകിയാൽ കേസെടുക്കാമെന്നുമുള്ള വിചിത്ര നിലപാടാണ് പൊലീസിന്റേത്. അനുമതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും തങ്ങൾക്കല്ലെന്നും ജയിൽ അധികൃതർ പറയുന്നു. സ്വപ്നയുടെ പേരിൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു സന്ദേശം പുറത്തുവന്നതിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്-മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |