ഗുരുഗ്രാം: മൂന്ന് ദിവസത്തിനിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളിയായ 22കാരൻ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ കൊലപാതകങ്ങൾ നടന്നത്. ബീഹാർ സ്വദേശിയായ 22കാരൻ മുഹമ്മദ് റാസി ആണ് പിടിയിലായത്. ഗുരുഗ്രാമിലെ ഗസ്‌റ്റ് ഹൗസിലെ ജീവനക്കാരനായിരുന്നു പ്രതി. മൂന്ന് കൊലയും താൻ തന്നെയാണ് ചെയ്‌തതെന്ന് റാസി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നവംബർ 23,24,25 തീയതികളിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. ഇവരെയാരെയും തനിക്ക് പരിചയമില്ലായിരുന്നെന്നും ഇതുവഴി ഈ ക്രൂരകൃത്യങ്ങൾ ചെയ്യാൻ തനിക്ക് പ്രാപ്‌തിയുണ്ടെന്ന് തെളിയിച്ചതാണെന്നുമാണ് റാസിയുടെ കുറ്റമൊഴി. പരിചയമില്ലാത്തവരുമായി ബന്ധം സ്ഥാപിച്ച ശേഷം അവർക്ക് മദ്യം നൽകി കൊലപ്പെടുത്തുന്നതായിരുന്നു റാസിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നവംബർ 23ന് ഗുരുഗ്രാമിലെ ലെഷർവാലി പാർക്കിൽ വച്ചാണ് ആദ്യ കൊല നടത്തിയത്. ആദ്യ ഇരയെ മദ്യം നൽകി മയക്കിയ ശേഷം ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. 24ന് ഒരു സെക്യൂരിറ്റി ജീവനക്കാരനെയാണ് ഇങ്ങനെ കൊലപ്പെടുത്തിയത്. പിറ്റേന്ന് 26 വയസുകാരനായ രാകേഷ് കുമാർ എന്നയാളെ കൊലപ്പെടുത്തി ഇയാൾ തല വെട്ടിയെടുത്തു.
ചെറുപ്പം മുതലേ പഠനത്തിലും മറ്റ് കാര്യങ്ങളിലും മുന്നിലെത്താനായിരുന്നില്ലെന്നും ഒന്നും മനസ്സിലായിരുന്നില്ലെന്നും റാസി മൊഴി നൽകി. എല്ലാവരും തനിക്ക് എന്ത് സാധിക്കുമെന്നും ദുർബലനാണ് താനെന്നും കളിയാക്കിയിരുന്നതായി റാസി പറയുന്നു. അവർക്ക് കാണിച്ചുകൊടുക്കാനാണ് താൻ ഈ അരുംകൊലകൾ നടത്തിയതെന്നാണ് മുഹമ്മദ് റാസി പറഞ്ഞത്. റാസിയുടെ മൊഴി കേട്ട് പൊലീസുകാർ വരെ അമ്പരന്നു. ഇയാൾ മൂന്നല്ല പത്തോളം കൊലകൾ ഡൽഹിയിലും ഗുരുഗ്രാമിലും ബീഹാറിലും നടത്തിയിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ അന്വഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |