തൃശൂർ : ജനം വിധിയെഴുതാൻ ദിവസങ്ങൾ ശേഷിക്കെ തിരഞ്ഞെടുപ്പ് നടപടികൾ കൃത്യതയോടെ പൂർത്തിയാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളും പ്രവർത്തനങ്ങളും പുരോഗമിക്കുമ്പോൾ വിവിധ വകുപ്പുകളുടെ കാതലായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ രാപ്പകൽ വ്യത്യാസമില്ലാത്ത അദ്ധ്വാനവും ഈ തിരഞ്ഞെടുപ്പിലും സജീവമാണ്.
കൊവിഡ് പ്രതിരോധം തീർത്ത തിരഞ്ഞെടുപ്പ്
കൊവിഡിനെതിരെ പ്രതിരോധം തീർത്ത് തന്നെയാണ് തിരഞ്ഞെടുപ്പ് വിഭാഗവും ആരോഗ്യ വകുപ്പുമൊക്കെ മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് ദിനം, പ്രചാരണം, വോട്ടെണ്ണൽ തുടങ്ങി വിവിധ ഘട്ടങ്ങളിൽ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിർദ്ദേശം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആരോഗ്യ വിഭാഗം കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി. സ്‌പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പരിശീലന ക്ലാസുകൾ, സ്‌പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശം, പി.പി.ഇ കിറ്റ് ധരിച്ച് ഇലക്ഷൻ ഡ്യൂട്ടി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തൽ തുടങ്ങിയ കാര്യങ്ങൾ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നടന്നു വരുന്നു
പോളിംഗിനുള്ള ഒരുക്കം
പത്തിനാണ് ജില്ലയിലെ തിരഞ്ഞെടുപ്പ്. അവസാനഘട്ട പ്രവർത്തനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേര് പതിപ്പിക്കൽ ഇന്നും നാളെയുമായി പൂർത്തിയാക്കും. അതാത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പൂർത്തിയാക്കുക.
118 റിട്ടേണിംഗ് ഓഫീസർമാർ
118 റിട്ടേണിംഗ് ഓഫീസർമാരുള്ളതിൽ ഭൂരിഭാഗവും റവന്യൂ ജീവനക്കാരാണ്. ഭൂരേഖ തഹസിൽദാർ, സ്‌പെഷ്യൽ തഹസിൽദാർ, റവന്യൂ ഡിവിഷണൽ ഓഫീസർമാർ തുടങ്ങിയവർ ഈ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാർ കൂടിയാണ്. കൂടാതെ മുനിസിപ്പാലിറ്റികളിലെ ഭൂരിഭാഗം ആർ.ഒമാരും റവന്യൂ വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടർമാർ തന്നെയാണ്. റിട്ടേണിംഗ് ഓഫീസർമാരായി മറ്റ് വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുമുൾപ്പെടുന്നു.
1200 വാഹനങ്ങൾ
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മൂന്ന് വിധത്തിലുള്ള ചുമതലകളാണ് പ്രധാനമായും നിർവഹിക്കുന്നത്. പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന പാലനത്തിനായി മോട്ടോർ വാഹന വകുപ്പിൽ നിന്നും 20 എ.എം.വിമാരെയും 12 എം.വി.ഐമാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത് 350 ബസുകൾ ഉൾപ്പെടെ 1200 ഓളം വാഹനങ്ങളാണ്.
ചുക്കാൻ പിടിച്ച് കളക്ടർ
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എസ്. ഷാനവാസ് തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി മുന്നിൽ നിന്ന് നയിക്കുന്നത് . വിവിധ വകുപ്പുകളെ ഏകോപ്പിക്കുക, ഉദ്യോഗസ്ഥർക്കും വിവിധ രാഷ്ട്രീയ പാർട്ടികൾക്കുമുള്ള നിർദ്ദേശം നൽകുക, കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുക, തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിക്കൽ, പെരുമാറ്റചട്ട ലംഘനം തുടങ്ങിയ കാര്യങ്ങളിലെ നടപടികൾ കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |