പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശം ഇല്ലാതെ ഇന്ന് അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം നടക്കും. ചൊവ്വാഴ്ച്ചയാണ് വോട്ടർമാർ വിധി എഴുതുക. ഇന്ന് വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ വരണാധികാരികൾ അറിയിച്ചിരിക്കുന്നത്. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വെർച്ച്വൽ റാലി ഇന്നലെ നടന്നു. പ്രചാരണം അവസാനിക്കുന്ന ഇന്ന് അനൗൺസ്‌മെന്റുകളും പാരഡി പാട്ടുകളുമായി വാഹനങ്ങളായിരിക്കും റോഡ് കൈയടക്കുക. ഇന്ന് സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ഉണ്ടാകും. പല വാർഡുകളിലും മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിന് ഒപ്പമാണ്. ചിലയിടങ്ങളിൽ സ്വതന്ത്രരും റിബലുകളും പ്രചാരണത്തിൽ മുന്നേറിയത് മുന്നണികൾക്കും തലവേദനയുണ്ടാക്കുന്നു. ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് ഡിവിഷനുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്.
കൂട്ടംകൂടുന്നത് ഒഴിവാക്കണം
പത്തനംതിട്ട : കൊവിഡ് ബാധിതരുടെ എണ്ണംകൂടുവാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടിപ്രവർത്തകരും സ്ഥാനാർത്ഥികളും പ്രചാരകരും വോട്ടർമാരും കൂട്ടംകൂടുന്നത് ഒഴിവാക്കണം. സാമൂഹ്യഅകലം പാലിക്കണം.
ഇന്ന് വൈകിട്ട് ആറിന് ശേഷം ഉച്ചഭാഷിണികൾ അനുവദനീയമല്ല.നിശബ്ദ പ്രചാരണം കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുവേണം നടത്താൻ.
തിരഞ്ഞെടുപ്പ് ദിവസമായ എട്ടിന് ഗ്രാമപഞ്ചായത്തുകളിലെപോളിംഗ് ബൂത്തുകളുടെ 200 മീറ്റർ പരിധിയിലും നഗരസഭകളിൽ 100 മീറ്റർ പരിധിയിലും രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ, ബാനറുകൾ,പോസ്റ്ററുകൾ എന്നിവയും സ്ഥാനാർഥികളുടെ പേരോ, ചിഹ്നമോ പതിച്ച മറ്റ് യാതൊന്നുമോ ഉണ്ടാകുവാൻ പാടില്ല.
പ്രചാരണ സമയം അവസാനിച്ചാൽ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയനേതാക്കളും പ്രവർത്തകരും മണ്ഡലം വിട്ടുപോകണം. എന്നാൽ, സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളായാൽപോലും മണ്ഡലം വിട്ടുപോകേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |