തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കൊവിഡ് രോഗിക്ക് 'കനിവ് 108" ആംബുലൻസിൽ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30വയസുകാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സമയോജിതമായി പ്രവർത്തിച്ച ആംബുലൻസ് പൈലറ്റിനെയും ടെക്നീഷ്യനെയും മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു.
ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തീയതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാകാനെത്തിയ യുവതിക്ക് കൊവിഡ് പരിശോധനയിൽ രോഗം കണ്ടെത്തി. തുടർന്ന് മികച്ച ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കീഴിൽ സേവനം നടത്തുന്ന ആംബുലൻസ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോൾ യുവതിയ്‌ക്ക് പ്രസവവേദനയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പാണക്കാടെത്തിയപ്പോൾ ആരോഗ്യനില വഷളാവുകയും ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നടത്തിയ പരിശോധനയിൽ യുവതിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് മനസിലായി. ഉടൻ ആംബുലൻസ് നിറുത്തിയ ശേഷം എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ പരിചരണത്തിൽ ഉച്ചയ്‌ക്ക് ഒന്നോടെ യുവതി പ്രസവിച്ചു.
പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻ അമ്മയേയും കുഞ്ഞിനേയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി.കെ. ജെറീസ്, പൈലറ്റ് മുഹമ്മദ് റിയാസ് എന്നിവരാണ് യുവതിക്ക് സഹായമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |