കൊല്ലം: ദേശീയപാതയിൽ മേവറത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലൂർവിള കയ്യാലക്കൽ തോപ്പുവയൽ സംസംനഗർ 72 ബിലാൽ മൻസിലിൽ നിസാമുദ്ദീന്റെയും സജിദയുടെയും മകൻ മുഹമ്മദ് ബിലാൽ (20), സംസംനഗർ 173 വയലിൽ പുത്തൻവീട്ടിൽ സെയ്ദലി മൻസിലിൽ അബ്‌ദുൽ ഹക്കീമിന്റെയും സീനത്തിന്റെയും മകൻ സെയ്ദലി (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒൻപതോടെ വാഴപ്പള്ളിക്കും മേവറത്തിനും ഇടയിലായിരുന്നു അപകടം. കൊട്ടിയം ഭാഗത്ത് നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം പൊലീസ് മേൽനടപടി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു. അൽഅമീൻ, അൽ നിജാൻ എന്നിവരാണ് മുഹമ്മദ് ബിലാലിന്റെ സഹോദരങ്ങൾ. ഫാത്തിമ, സുമയ്യ എന്നിവരാണ് സെയ്ദലിയുടെ സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |