ആദ്യ ഘട്ട പ്രചാരണം ഇന്ന് സമാപിക്കും
തിരുവനന്തപുരം: ആരോപണ - പ്രത്യാരോപണങ്ങളുടെ വീറും വാശിയുമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് സമാപിക്കും. കൊവിഡ് കാരണം ആൾക്കൂട്ടത്തിന്റെ പതിവ് കലാശക്കൊട്ട് ഉണ്ടാവില്ല. എങ്കിലും അവസാന മണിക്കൂറുകളിൽ തരിമ്പും വിട്ടുകൊടുക്കാതെ മൂന്ന് മുന്നണികളുടെയും മത്സര കോലാഹലം കണ്ടാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾ ചൊവ്വാഴ്‌ച ബൂത്തിലേക്ക് നീങ്ങുന്നത്.
അവസാനറൗണ്ടിൽ ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രി ഇറങ്ങാത്തത് യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കിയപ്പോൾ, വെബ് റാലിയെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി മറുപടി നൽകി. എങ്കിലും ഇടതുമുന്നണിയുടെ പ്രചാരണ ഗോദകളിൽ ആദ്യമായി മുൻനിര നേതാക്കളുടെ സജീവസാന്നിദ്ധ്യത്തിന്റെ അഭാവം എതിരാളികൾ ആയുധമാക്കാതില്ല.
അതേസമയം, യു.ഡി.എഫ് ക്യാമ്പുകൾക്ക് ആവേശമായി മുൻനിര നേതാക്കൾ കേരളമെമ്പാടും ഓടിനടന്നു. പക്ഷേ വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് വിവാദം അവസാനറൗണ്ടിൽ അണികളിലും ആശയക്കുഴപ്പമുണ്ടാക്കി. ജില്ലാ പ്രമുഖരെ പോർക്കളത്തിലിറക്കുന്നുവെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക്, അവസാന റൗണ്ടിൽ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ കാമ്പസിന്റെ പേരുമാറ്റ വിവാദം തലവേദനയാകുമെന്ന് ശങ്കയുണ്ട്.
സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ വലയുന്ന ഇടതുമുന്നണിക്കും സർക്കാരിനും തദ്ദേശസ്ഥാപനങ്ങളിൽ 2015ലെ ആധിപത്യം നിലനിറുത്തേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ഭരണവിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടാം. നേട്ടം ആവർത്തിച്ചാൽ വിവാദങ്ങൾ ആവിയാകും. മുന്നണിയുടെ ആത്മവിശ്വാസവും വർദ്ധിക്കും. മറിച്ചായാൽ, വിവാദങ്ങളുടെ പേരിൽ നേതൃത്വത്തിനെതിരെ വിമർശനമുയരാം. പൊലീസ് നിയമഭേദഗതി, കെ.എസ്.എഫ്.ഇ റെയ്ഡ് തുടങ്ങിയവ പാർട്ടിയിൽ അലകളുണ്ടാക്കിയിരിക്കെ പ്രത്യേകിച്ചും.
ക്ഷേമപെൻഷനുകളും കൊവിഡ് കാലത്തെ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ജനകീയ ഇടപെടലുകളും പാവങ്ങൾക്ക് വീട് നൽകുന്ന ലൈഫ് മിഷൻ, സർക്കാർ സ്‌കൂളുകളുടെയും സർക്കാർ ആശുപത്രികളുടെയും ഹൈടെക്ക് നവീകരണം, ഗെയ്ൽ പൈപ്പ്ലൈൻ, റോഡുകൾ തുടങ്ങി എല്ലാ തലങ്ങളിലെയും വികസനനേട്ടങ്ങൾ എടുത്തുകാട്ടിയാണ് ഇടതുപ്രചാരണം.
അതേസമയം, സർക്കാരിനെതിരായ വിവാദങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും മികച്ച വിജയം കിട്ടുമെന്നുമാണ് യു. ഡി. എഫും പ്രതീക്ഷിക്കുന്നത്.2015ന്റെ ഇരട്ടിനേട്ടമാണ് ബി.ജെ.പിയുടെ മനസിൽ. അതിൽ കുറഞ്ഞതെന്തും പാർട്ടിയിൽ വിമർശനം ക്ഷണിച്ചുവരുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |