
തിരുവനന്തപുരം: ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ചചെയ്തു എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി താൻ ഉണ്ടാകുമെന്ന് തരൂർ സതീശന് വാക്കുകൊടുത്തതായാണ് വിവരം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്ന് തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കോൺഗ്രസിന്റെ വിജയം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുതന്നെയാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം. ഒറ്റപാർട്ടി മാത്രമേ എന്റെ ജീവിതത്തിലുള്ളൂ. അത് പലതവണ പറഞ്ഞതാണ്.സി ജെ റോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്'- തരൂർ പറഞ്ഞു.
തരൂരും കോൺഗ്രസുമായുള്ള മഞ്ഞുരുകിത്തുടങ്ങിയത് കഴിഞ്ഞദിവസങ്ങളിലാണ്.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നടത്തിയ രണ്ടു മണിക്കൂർ ചർച്ചയിലാണ് മഞ്ഞുരുകിയത്. നേതാക്കളുമായി ക്രിയാത്മക ചർച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നുമാണ് ചർച്ചകൾക്കുശേഷം തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താൻ പാർട്ടിവിടുമെന്ന റിപ്പോർട്ടും തരൂർ തള്ളിയിരുന്നു.
പാർട്ടിയുമായി അടുത്തതോടെ സംസ്ഥാനത്തൊട്ടാകെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തരൂരിനെ പാർട്ടി സജീവമായി പങ്കെടുപ്പിക്കും. ഇതിനൊപ്പം പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിലും അദ്ദേഹത്തെ പങ്കാളിയാക്കും. പ്രചാരണങ്ങളുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായുളള സംവാദങ്ങളിലും അദ്ദേഹത്തെ സജീവമായി പങ്കെടുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പടലപ്പിണക്കങ്ങളില്ലാതെ ഒറ്റക്കെട്ടായി മുന്നേറിയാൽ വിജയം സുനിശ്ചിതമെന്ന് വ്യക്തമായതോടെയാണ് അകന്നുനിന്നിരുന്ന തരൂരിനെ അടുപ്പിക്കാൻ പാർട്ടിനേതൃത്വം മുൻകൈയെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |