ആലപ്പുഴ:കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി ) 12.67 കോടി ലാഭവുമായി 100 കോടി വിറ്റുവരവെന്ന ചരിത്ര നേട്ടം കൈവരിച്ചു. സാമ്പത്തിക വർഷത്തെ എട്ട് മാസം കൊണ്ടാണ് ഈ നേട്ടം. 1974ൽ ആരംഭിച്ച സ്ഥാപനം ആദ്യമായാണ് 100 കോടി ക്ലബിൽ എത്തുന്നത്. അടുത്ത വർഷം ആദ്യം പുതിയ ഇൻജക്‌ഷൻ പ്ളാന്റ് ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന സംവിധാനം ലോക നിലവാരത്തിലാകും.
2016-17ൽ 26 കോടിയായിരുന്നു വിറ്റുവരവ്. വിപണിയിലിറക്കിയ കൊവിഡ് സാനിറ്റൈസറും വരുമാനം വർദ്ധിപ്പിച്ചു. 15 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് ഉത്പാദിപ്പിച്ചത്.അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നവർക്കുള്ള മരുന്നുകൾ അവസാനഘട്ട പരീക്ഷണത്തിലാണ്.
കമ്പനിയിലെ ലബോറട്ടറിക്ക് എൻ.എ.ബി.എൽ അക്രഡിറ്റേഷനും നിലവിലുള്ള ബീറ്റാ ലാക്ടം പ്ലാന്റിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു.
2003 മുതൽ 2006 വരെ പൂട്ടിക്കിടന്ന കമ്പനിയിൽ മൂന്ന് നവീകരണ പദ്ധതികൾക്കായി, മുൻ വി.എസ് സർക്കാർ 36 കോടി രൂപ അനുവദിച്ചു. 2011ൽ പുതിയ ബീറ്റാലാക്ടം ഡ്രൈ പൗഡർ ഇൻജക്‌ഷൻ പ്ലാന്റ് ആസൂത്രണം ചെയ്തെങ്കിലും പൂർത്തിയായില്ല. പിന്നീട് അഞ്ച് വർഷം വികസനം നടന്നില്ല. ഇപ്പോഴത്തെ ഇടതുസർക്കാർ 2017ൽ ബീറ്റാലാക്ടം ഡ്രൈപൗഡർ ഇൻജക്‌ഷൻ പ്ലാന്റും 2019ൽ നോൺ ബീറ്റാലാക്ടം പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഓങ്കോളജി ഫാമാ പാർക്കിന് കിഫ്ബി 105 കോടിയുടെ ഭരണാനുമതി നൽകി. സാങ്കേതിക അനുമതി ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും.
''ജീവനക്കാർക്ക് ശമ്പളം നൽകാനാവാത്ത സാഹചര്യത്തിൽ നിന്ന് കെ.എസ്.ഡി.പിയെ ഇന്നത്തെ നിലയിലെത്തിച്ചത് മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവരുടെ ഇടപെടലും എൽ.ഡി.എഫ് സർക്കാർ അനുവദിച്ച 136 കോടിയുടെ വികസന പദ്ധതികളുമാണ്''
സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |