ന്യൂയോർക്ക്: അമേരിക്കയിലെ കാപിറ്റോൾ കലാപത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ പതാകയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രക്ഷോഭകാരികൾക്കിടയിൽ ഇന്ത്യൻ പതാകയുമായി നിലകൊണ്ടത് ഒരു മലയാളിയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിൻസൺ പാലത്തിങ്കൽ എന്ന വൈറ്റില ചമ്പക്കര സ്വദേശിയാണ് അമേരിക്കയിലെ ആ 'ഇന്ത്യൻ പ്രതിഷേധി'.
വംശീയവാദികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യൻ പതാകയുമായി പോയതെന്നെന്നാണ് വിൻസൺ പറയുന്നത്. ആക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയത്. പത്തുലക്ഷത്തോളം പേർ പങ്കെടുത്ത പ്രതിഷേധത്തിൽ തങ്ങളെ അക്രമികളായി മുദ്രകുത്തരുതെന്നും വിൻസൺ പാലത്തിങ്കൽ വ്യക്തമാക്കുന്നു. പ്രതിഷേധത്തിനിടെ പ്രശ്‌നമുണ്ടാക്കിയത് നുഴഞ്ഞുകയറിയ അമ്പതോളം പേരാണ്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്റിഫ'യിലെ അംഗങ്ങളാണ് ഇവരെന്നാണ് വിൻസൺ പറയുന്നത്.
അതേസമയം, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും ഉണ്ടായിരുന്നതായി തെളിഞ്ഞു. 'ക്യൂ അനോൻ ഷമാൻ'എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകൾ കിരീടമാക്കി, കുന്തത്തിനു മുകളിൽ കുത്തിയ ദേശീയ പതാകയുമായി സെനറ്റ് ചേംബറിനു മുന്നിൽ പൊലീസിനെ വെല്ലുവിളിക്കുന്ന ജെയ്‌ക്കിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്‌ത് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിന് മുന്നിലേക്ക് മാർച്ച് ചെയ്യുകയും മന്ദിരത്തിന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി കൈയാങ്കളി നടത്തുകയും ചെയ്‌തതോടെയാണ് കലാപത്തിന്റെ തുടക്കം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ മതിലുകളിലൂടെ വലിഞ്ഞുകയറി ജനൽച്ചില്ലുകൾ തകർത്ത് അകത്ത് കയറി. ഇടനാഴികളിലൂടെ പതാകകളും മറ്റുമായി പ്രതിഷേധക്കാർ ഇരച്ചു നീങ്ങി. ഫർണിച്ചർ തല്ലിത്തകർത്തു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിനകത്തു നിന്ന് ഒരാൾ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തു. ഒരാൾ സ്പീക്കറുടെ കസേരയിൽ ഇരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് സഭാംഗങ്ങളുടെ തൊട്ടടുത്തു വരെ അക്രമികൾ എത്തി. ചിലർ വലിച്ചെറിഞ്ഞ അഗ്നിശമനിയിൽ നിന്ന് പുക പരന്നത് ആശങ്കയുണ്ടാക്കി. ചിലർ സഭാംഗങ്ങളെ ചേംബറിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ചിലർ ചേംബറിനകത്ത് അർദ്ധനഗ്നരായി നിന്ന് ചിത്രങ്ങൾ പകർത്തുകയും അട്ടഹസിക്കുകയും ചെയ്തു. ചേംബറിൽ അംഗങ്ങൾ നിലത്തു കിടന്നു.
പതിനഞ്ച് മിനിട്ടിലേറെ നീണ്ട ഭീകരാവസ്ഥയ്ക്ക് ശേഷം അംഗങ്ങളെ പുറത്ത് രഹസ്യ വഴികളിലൂടെ സുരക്ഷാകേന്ദ്രത്തിൽ എത്തിച്ചു. പ്രതിഷേധക്കാരെ നേരിടാൻ ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പ്രതിനിധികൾ ഒരുമിച്ചു നിന്നത് ശ്രദ്ധേയമായി. ആഷ്ലി ബാബിറ്റ് എന്ന വനിതയാണ് ആദ്യം കൊല്ലപ്പെട്ടത്. മുൻ വ്യോമസേന ഉദ്യോഗസ്ഥയാണിവർ. ചേംബറിലെ കോണിപ്പടികൾക്ക് സമീപമായിരുന്നു ആഷ്‌ലിയുടെ മൃതദേഹം കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |