നായികമാർ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. എന്നാൽ, നായികയുടെ അമ്മമാർക്ക് അത്ര സ്നേഹം കിട്ടണമെന്നില്ല. പക്ഷേ, മൗനരാഗം കാണുന്നവരെല്ലാം നായികയെപ്പോലെ തന്നെ നായികയുടെ അമ്മയെയും സ്നേഹിക്കുന്നുണ്ട്. കല്യാണിയെയും അവളുടെ അമ്മ ദീപയെയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പദ്മിനി ജഗദീഷാണ് മൗനരാഗത്തിലെ പ്രിയങ്കരിയായ അമ്മയായി എത്തുന്നത്. സാധാരണക്കാരിയായി പദ്മിനിയെത്തുമ്പോൾ ഒരിക്കലും അവരൊരു മറുനാട്ടുകാരിയാണെന്ന് പറയില്ല.
'ഞാൻ ബാംഗ്ലൂരാണ് താമസം. ജനിച്ചതും വളർന്നതും കർണാടകയിലാണ്. പലരും കരുതിയിരിക്കുന്നത് ഞാൻ ഇവിടെ തന്നെയുള്ള ആളാണെന്നാ.' പദ്മിനി ആദ്യമേ സ്വയം പരിചയപ്പെടുത്തി. ' മൗനരാഗം" എന്റെ ഒൻപതാമത്തെ സീരിയലാണ്. മലയാളത്തിലെ ആദ്യത്തെ സീരിയലും. ഇതിന് മുമ്പ് തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. അന്നേ കൊതിച്ചതാണ് മലയാളത്തിൽ ഒരു വേഷം ചെയ്യണമെന്ന്. അതിനുള്ള അവസരം കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം. മറ്റു ഭാഷാ സീരിയലുകളെ അപേക്ഷിച്ച് വളരെ നാച്ചുറലാണ് മലയാളത്തിലെ സീരിയലുകളൊക്കെ. ഷൂട്ടിംഗ് ലൊക്കേഷനും അങ്ങനെയാണ്. ആർട്ടിസ്റ്റുകൾകളുടെ കംഫർട്ട് ഇവിടെ വളരെ പ്രധാനമാണ്. പിന്നെ കേരളത്തിന്റെ ഭംഗി കൂടി ചേരുന്നതോടെ ലൊക്കേഷൻ ആകെ അടിപൊളിയാണ്.
നായികയിൽ നിന്ന് അമ്മ വേഷം
സ്റ്റാർ വിജയ് ൽ ചെയ്യുന്ന സീരിയൽ കണ്ടിട്ടാണ് ഏഷ്യാനെറ്റിൽ നിന്നും എന്നെ വിളിച്ചത്. കഥ കേട്ടപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മലയാളത്തിൽ നിന്നുള്ള വിളിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. മൗനരാഗം എനിക്ക് ശരിക്കും ചലഞ്ചിംഗായിരുന്നു. വളരെ മോഡേൺ ആയിട്ടുള്ള ആളാണ് യഥാർത്ഥ ജീവിതത്തിൽ ഞാൻ. പക്ഷേ, മൗനരാഗത്തിൽ ആ സ്വഭാവവുമായി യാതൊരു ബന്ധവുമില്ല. വളരെ സാധാരണക്കാരിയായ അമ്മ. പക്കാ നാട്ടിൻപുറത്തുകാരി. എനിക്കത് ചെയ്‌ത് ഫലിപ്പിക്കുവാൻ പറ്റുമോയെന്ന കാര്യത്തിൽ സംശയമായിരുന്നു. പ്രേക്ഷകർ നല്ല അഭിപ്രായം പറയുമ്പോൾ സന്തോഷമാണ്. ഒരു അമ്മ മകൾ ആത്മബന്ധം നിറഞ്ഞു നിൽക്കുന്ന സാധാരണ കഥാപാത്രം. മറ്റുള്ള ഭാഷകളിൽ നായികാ കഥാപാത്രമാണ് ചെയ്‌തിട്ടുള്ളത്. മലയാളത്തിലെത്തിയപ്പോൾ അമ്മയുടെ വേഷമായിരുന്നു. കല്യാണിയെയും അവളുടെ അമ്മയെയും കുറിച്ച് കേട്ടപ്പോൾ എനിക്ക് ഒത്തിരിയിഷ്‌ടമായി. ഒരുപക്ഷേ, അന്നത് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ കരിയറിൽ നേരിട്ട ഏറ്റവും വലിയ നഷ്‌ടം അതാകുമായിരുന്നു. മലയാളത്തെ ഞാനേറെ സ്നേഹിച്ചതുപോലെ മലയാളികളും എന്നെയിപ്പോൾ സ്നേഹിക്കുന്നു. ഇതിലും വലിയ സന്തോഷം വേറെയില്ല.
മൗനരാഗത്തിലെ ആത്മബന്ധങ്ങൾ
മലയാളത്തിലെ എന്റെ തുടക്കം ഗംഭീരമായിരുന്നുവെന്നാണ് പറയാനുള്ളത്. എന്റെ ആദ്യത്തെ സീരിയലിൽ തന്നെ ഇത്രയും സീനിയർ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കാൻ പറ്റിയെന്നത് വലിയകാര്യം തന്നെയല്ലേ. സേതുലക്ഷ്മി അമ്മയെ പോലെ സീനിയർ ആയ ആൾക്കാർ കൂടെയുണ്ടെന്നത് അഭിമാനവും ഒരു ധൈര്യവുമാണ്. അവരൊക്കെ നല്ല സപ്പോർട്ടാണ് തരുന്നത്. സീരിയലിൽ അമ്മായിയമ്മ ആയിട്ടാണ് സേതുലക്ഷ്‌മിഅമ്മ എത്തുന്നത്. അവരെ കുറിച്ച് പറയുമ്പോൾ ഒത്തിരി പറയാനുണ്ട്. 75 വയസുണ്ട് എങ്കിലും വളരെ എനെർജിറ്റിക് ആണ്. എല്ലാവരെയും അംഗീകരിക്കാൻ മനസുള്ള ഒരു നല്ല കലാകാരി. എല്ലാ കാര്യങ്ങളിലും നല്ല സപ്പോർട്ട് തരാറുണ്ട്. വിശേഷങ്ങളെല്ലാം തിരക്കും, സ്വന്തം കുടുംബാംഗത്തെ പോലെയാണ് കാണുന്നത്. ഭാഷയറിയാതെ ഇവിടെയെത്തിയ എനിക്ക് കൂടെയുള്ളവർ തരുന്ന പിന്തുണയും സ്നേഹവും തന്നെയാണ് വലുത്. ഭർത്താവായി അഭിനയിക്കുന്ന ബാലാജി സീനിയർ ആർട്ടിസ്റ്റ് ആണെങ്കിലും കൂടെ അഭിനയിക്കുമ്പോൾ കംഫർട്ടബിൾ ആക്കാൻ ശ്രദ്ധിക്കും. അതുപോലെ സെറ്റിൽ എല്ലാവരുമായും നല്ല ആത്മബന്ധമുണ്ട്. എല്ലാവരും എൻജോയ് ചെയ്‌താണ് അഭിനയിക്കുന്നത്.
മലയാളം അടിപൊളിയാണ്
പൊതുവേ സീരിയലുകളൊക്കെ ഓവർ ആക്‌ടിംഗ് ആണെന്ന് പറയാറുണ്ടല്ലോ. എനിക്ക് അതിൽ അഭിപ്രായ വ്യത്യാസമുണ്ട്. മറ്റുള്ള ഭാഷകളിൽ ഓവർ ആക്‌ടിംഗ് ആണെങ്കിലും മലയാളത്തിൽ അങ്ങനെയല്ല. സ്വാഭാവികമായി പെരുമാറാനാണ് പറയുന്നത്. മുഖത്തോ ശരീരത്തോ അനാവശ്യമായ ഒരു എക്‌സ‌്‌പ്രഷനും വരുത്തേണ്ടതില്ല. പ്രേക്ഷകന് ബോറടിപ്പിക്കാത്ത രീതിയിൽ അഭിനയിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇവിടെ ഒരു കുടുംബം പോലെയാണ് എല്ലാവരും കഴിയുന്നത്. ഒരുമിച്ചുള്ള സമയങ്ങളെല്ലാം ലൊക്കേഷനിൽ രസമാണ്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ എല്ലാവരെയും മിസ് ചെയ്യും. എത്രയും പെട്ടെന്ന് ലൊക്കേഷനിൽ എത്താനുള്ള കാത്തിരിപ്പാണ് പിന്നീട്. ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ഇവിടത്തെ അമ്പലത്തിലൊക്കെ പോയിരുന്നു. കൂടെ അഭിനയിക്കുന്ന എല്ലാവരുമായും നല്ല സൗഹൃദത്തിലാണ്. കല്യാണി ആയി വേഷമിടുന്നത് ഐശ്വര്യ റാംസായിയായി ഇവിടത്തെ എന്റെ കൂട്ട്. വളരെ നല്ല കുട്ടിയാണ് ഐശ്വര്യ. നല്ല ആത്മബന്ധം ഉണ്ട്. ഐശ്വര്യ മാത്രമല്ല, മക്കളും മരുമക്കളുമായ് വേഷമിടുന്ന എല്ലാ കുട്ടികളുമായും നല്ല കമ്പനി ആണ്. ഞങ്ങൾ ഒരു കുടുംബം പോലെ അടിച്ചുപൊളിച്ച് കഴിയുകയാണ്.
കല്യാണിയുടെ അമ്മ
മലയാളികൾ എന്നെ വളരെ വേഗം സ്വീകരിച്ചു എന്നു വേണമെങ്കിൽ പറയാം. എയർപോർട്ടിൽ വച്ചാണ് പലരും തിരിച്ചറിയുന്നത്. സീരിയലിന്റെ തുടക്കക്കാലത്ത് ഒരിക്കൽ എയർപോർട്ടിൽ വച്ച് മറക്കാൻ കഴിയാത്ത സംഭവമുണ്ടായി. കല്യാണിയുടെ അമ്മ എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നത് കേട്ടിരുന്നു. അന്ന് സീരിയൽ തുടങ്ങിയിട്ട് അധികമായിരുന്നില്ല. ഒരു അഭിനേത്രി എന്ന നിലയിൽ അതൊക്കെ വളരെയധികം സന്തോഷം തരുന്നു. കല്യാണിയുടെ അമ്മ എന്ന പേരിൽ എല്ലാ മലയാളികളും എന്നെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം. അവർക്കൊന്നും ഞാൻ മലയാളിയല്ലെന്നോ എന്റെ പേരോ ഒന്നും അറിയില്ല. കല്യാണിയുടെ അമ്മ എന്ന വിളിയിൽ മുഴുവൻ സ്നേഹവുണ്ട്. തെലുങ്കിൽ ഉള്ള കഥ ആണ് മൗനരാഗം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആണ് മലയാളത്തിൽ കഥ മുന്നോട്ടുപോകുന്നത്. ഈ സീരിയലിൽ ഞാൻ പൂർണമായും എന്റെ മനസ് അർപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ എപ്പിസോഡുകൾ വളരെ കഷ്‌ടപ്പെട്ടാണ് ചെയ്‌തിരിക്കുന്നത്. അത് കാണുന്ന ഏതൊരു ആൾക്കും അത് മനസിലാകും. അതിനുള്ള അംഗീകാരം പ്രേക്ഷകർ നൽകി. ഇത്രയും കാലം തന്ന സപ്പോർട്ട് ഇനിയും നൽകണമെന്നും കൂടെ ഉണ്ടാകണമെന്നും മാത്രമാണ് പ്രേക്ഷകരോട് പറയാനുള്ളത്.
മലയാളം പഠിപ്പിച്ച മോഹൻലാൽ സിനിമകൾ
മലയാള സിനിമകളൊക്കെ കുത്തിയിരുന്ന് കാണുന്നയാളാണ് ഞാൻ. മോഹൻലാലാണ് പ്രിയനടൻ. ഇരുവരും മണിച്ചിത്രത്താഴുമാണ് മോഹൻലാലിലേക്ക് എന്നെ അടുപ്പിച്ചത്. എന്നെങ്കിലുമൊരിക്കൽ ഒരു മലയാളസിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്. അഭിനേത്രി എന്ന നിലയിൽ സിനിമയോ സീരിയലോ എന്നിങ്ങനെ വേർതിരിവുകളൊന്നുമില്ല. നല്ല അവസരം കിട്ടിയാൽ സിനിമയിലേക്കും വരും. എല്ലാ ആർട്ടിസ്റ്റുകളും നല്ല കഥാപാത്രത്തെയല്ലേ ആഗ്രഹിക്കുക. ഞാനും അങ്ങനെ തന്നെയാണ്. മൗനരാഗം മാറ്റി നിറുത്തിയാൽ മലയാളത്തിൽ കാണുന്ന മറ്റൊരു സീരിയൽ കുടുംബവിളക്കാണ്. മീര (മീര വാസുദേവ്) നല്ല അഭിനയമാണ് കാഴ്‌ച വെക്കുന്നത്. പല ഭാഷകളിൽ അഭിനയിച്ച അനുഭവം വച്ച് പറഞ്ഞാൽ ഏറ്റവും മികച്ചത് മലയാളം തന്നെയാണ്. ഇവിടത്തെ അഭിനയവും ലൊക്കേഷനുമൊക്കെ എനിക്കേറെയിഷ്ടമാണ്. മേക്കപ്പിൽ പോലും മലയാളവും മറ്റു ഭാഷകളും തമ്മിൽ വ്യത്യാസം ഉണ്ട്. സാരികൾ പോലും തിരഞ്ഞെടുക്കുമ്പോൾ അത് ശ്രദ്ധിക്കേണ്ടതായി വരുന്നു. ഇവിടെ മേക്കപ്പിനൊക്കെ മിതത്വം വേണം. അതേസമയം മറ്റു ഭാഷകളിൽ സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങളെയാണ് വേണ്ടത്. അഭിനയം മാറ്റി വച്ചാൽ മറ്റൊരിഷ്ടം നൃത്തമാണ്. നർത്തകിയായിട്ട് അറിയപ്പെടാൻ ഏറെ കൊതിച്ചിരുന്നു. ഭരതനാട്യം വർഷങ്ങളായി അഭ്യസിച്ചിട്ടുണ്ട്. അതുപോലെ പാട്ടും വളരെ ഇഷ്ടമാണ്. അമ്മയും സഹോദരിയും കർണാടിക് പാട്ടുകാർ ആണ്. ഞാൻ പാട്ട് പഠിച്ചിട്ടില്ല എങ്കിലും ചെറുതായി പാടും. നന്നായി നൃത്തം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |