തിരുവനന്തപുരം: കള്ളവോട്ട് തടയാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നിയമസഭയിലെ യു.ഡി.എഫ് കക്ഷി നേതാക്കൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, കക്ഷി നേതാക്കളായ പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവരാണ് പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടും ക്രമക്കേടുകളും നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ സർക്കാർ കാട്ടിയ സ്വജനപക്ഷപാതവും രാഷ്ട്രീയക്കളിയുമാണ് ക്രമക്കേടുകൾക്കും കള്ളവോട്ടുകൾക്കുമിടയാക്കിയത്. ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഉദ്യേഗസ്ഥരെയാണ് പലയിടങ്ങളിലും തിരഞ്ഞെടുപ്പുദ്യോഗസ്ഥരായി നിയമിച്ചത്. ഇവർ ഗുരുതരമായ ക്രമക്കേടുകളും രാഷ്ട്രീയ പക്ഷപാതിത്വവും കാട്ടി. കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എം.എൽ.എ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിൽ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കണമെന്ന് യു.ഡി.എഫ് സംഘം അഭ്യർത്ഥിച്ചു. ഭരണകക്ഷിയുമായി ബന്ധമുള്ള വിരമിച്ച ഉദ്യോഗസ്ഥരെ ബൂത്തുതല പോളിംഗ് ഓഫീസർമാരായി നിയമിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നുണ്ട്. ഇതു തടയണം.
ഉദ്യോഗസ്ഥരുടെ തപാൽ വോട്ട് ശേഖരിച്ചതിലും കൃത്രിമം നടന്നിട്ടുണ്ട്. ഭിന്നശേഷിക്കാരുടെയും എൺപത് വയസ് കഴിഞ്ഞ പൗരൻമാരുടെയും വോട്ടുകൾ പോസ്റ്റലായി ശേഖരിക്കാൻ കമ്മിഷൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സർക്കാരുദ്യോഗസ്ഥർക്ക് ഇ-ബാലറ്റിംഗ് ഏർപ്പെടുത്തിയതുപോലെ ഇവിടെയും അതിനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സുതാര്യവും നിഷ്പക്ഷവുമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |