SignIn
Kerala Kaumudi Online
Thursday, 21 January 2021 1.18 AM IST

പ്രതിമയും ശില്പിയും

kanayi

ഒരിടത്ത് ഒരു ശില്പിയുണ്ടായിരുന്നു. ആ ശില്പി വലിയ ശില്പങ്ങൾ തീർത്തിരുന്നു. ഒരു ദിവസം കടലിൽ നിന്ന് ഒരു മത്സ്യകന്യക കരയിലേക്ക് കയറിവന്നു. ശില്പിയുടെ കൈകൾ തൊട്ടപ്പോൾ അവളൊരു ശില്പമായി മാറിപ്പോയി. പിന്നെ ആ സാഗരകന്യക കടലിലേക്കു മടങ്ങിയില്ല. ശില്പമായി കടൽക്കരയിൽ കിടപ്പാണ്; അലസവിലാസിനിയായി, നിശബ്ദയായി, ഗൂഢമായ മന്ദസ്‌മിതവുമായി... അങ്ങനെ സുഖമായി കരയിൽക്കിടക്കുന്ന സാഗരകന്യകയുടെ ഉദ്യാനത്തിൽ ഒരു ദിവസം ഒരു പറക്കുംയന്ത്രം പ്രത്യക്ഷപ്പെട്ടു. തന്റെ ഉദ്യാനത്തിൽ കടന്നെത്തിയ ആ തകരപ്പറവയെ സാഗരകന്യ നിസഹായയായി നോക്കിക്കിടന്നു. ഒരു ദിവസം ശില്പി അവിടെ വന്നുചേർന്നു. സാഗരകന്യകയുടെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നത് കണ്ട് ശില്പി അമ്പരന്നു. സങ്കടത്തിന്റെ കാരണമെന്തായിരിക്കും? നോക്കുമ്പോൾ അതാ, സാഗരകന്യകയുടെ ഉദ്യാനത്തിൽ പറന്നുപോകാൻ കഴിയാത്ത ഒരു ലോഹപ്പറവ......ശില്പത്തിന്റെ കണ്ണുനീർ ശില്പിയുടെ കണ്ണുകൾ ഏറ്റുവാങ്ങി, ആ ശില്പിയാണ് കാനായി കുഞ്ഞിരാമൻ. കേരളത്തിന്റെ സ്വന്തം കാനായി. വാർത്തകളിൽ സ്ഥാനംപിടിച്ച ആ 'ഹെലികോപ്‌ടർ ദുരന്ത'ത്തിന് ഉചിതമായ പരിഹാരമുണ്ടാകുമെന്നു തീർച്ചയായും പ്രതീക്ഷിക്കാം. കലയും സർക്കാരുമായുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ സ്വാഭാവികം. ഇപ്പോൾ കാര്യങ്ങൾ കുറെ മാറിയെങ്കിലും, വലിയ പ്രയാസം നേരിട്ട കാലഘട്ടമുണ്ടായിരുന്നു. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി യേശുദാസിന്റെ ഗാനമേളക്ക് ക്വട്ടേഷൻ ക്ഷണിച്ചില്ലെന്നു ഓഡിറ്റ് എതിർപ്പുകൾ വന്നിരുന്നത് ഇപ്പോൾ വിചിത്രമായി തോന്നാം... (ഓഫീസിലെ ഞങ്ങളുടെ പ്യൂൺ കുട്ടപ്പൻ ഫ്രീ ആയി പാടാൻ തയ്യാറായിരുന്നു. പക്ഷേ പാട്ടുകേൾക്കാൻ സദസിനു അങ്ങോട്ട് കാശ് കൊടുക്കേണ്ടി വരുമെന്ന് മാത്രം !). ഒരു ശില്‌പോദ്യാനമുണ്ടാക്കാൻ ഒരു ശില്പിയെ ഏല്‌പിച്ചതോർക്കുന്നു. (കാനായിയല്ല) ) അദ്ദേഹത്തിന് പണം കൊടുക്കാനായി രൂപീകരിച്ച കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. ഇപ്പോൾ എന്താവശ്യത്തിനാണ് പണം വേണ്ടത്? എന്ന കമ്മിറ്റിയുടെ ചോദ്യത്തിന് ; നിങ്ങൾക്കതൊന്നും മനസിലാവില്ല; പണം തന്നാൽ മതി; ചോദ്യം വേണ്ട; എന്നായിരുന്നു കലാകാരന്റെ ഉത്തരം. ഏതായാലും അതൊരു അമൂർത്തവും അപൂർണവുമായ ശില്‌പമായി കലാശിച്ചു.
ഇന്ത്യാ ഗവൺമെന്റിനു വേണ്ടി ജർമനിയിൽ ഒരു മ്യൂസിക്കൽ പ്രോഗ്രാം നടത്തണം. തമിഴിലെ ഒരു വിഖ്യാത സംഗീതസംവിധായകനോട് സന്നദ്ധത ആരായാൻ ഞാൻ നിയോഗിക്കപ്പെട്ടു. (എന്റെ ഉത്സാഹത്തിൽ ആ വഴിക്കു തീരുമാനം എടുപ്പിച്ചതാണെന്നും പറയാം.) സംഗീത സംവിധായകൻ വളരെ ആവേശത്തോടെ സമ്മതിച്ചു. എന്ത് ചെലവാകുമെന്നു എത്ര ചോദിച്ചിട്ടും പറയുന്നില്ല. അവസാനം നിർബന്ധിച്ചപ്പോൾ 'അഞ്ചു കോടി മതി' എന്നുത്തരം കിട്ടി . ആകെ രണ്ടുകോടി രൂപയായിരുന്നു ആ ജർമൻ പരിപാടിക്ക് മാറ്റി വച്ചിരുന്ന തുക. ഉടനെ അറിയിക്കാം എന്നുപറഞ്ഞു ഞാൻ അപ്പോഴേ ഡൽഹിക്കു വിമാനം കയറി. സംഗതി നടക്കാത്തതിൽ അദ്ദേഹത്തിന് വലിയ നീരസമായിരുന്നെന്നു പിന്നെ ഞാൻ മനസിലാക്കി. നീരസമല്ലേയുള്ളൂ! അദ്ദേഹത്തതിന് 'രസം' ഉണ്ടാക്കിക്കൊടുത്തിരുന്നെങ്കിൽ വിജിലൻസ് കേസ് ഇപ്പോഴും തീരുമായിരുന്നില്ല.

സർക്കാരും കലാകാരന്മാരും രണ്ടു ഭാഷയിലാണ് സംസാരിക്കുന്നതും ചിന്തിക്കുന്നതും. ഒന്ന് യുക്തിയുടെയും പ്രായോഗികതയുടെയും ഭാഷ. മറ്റേത് ഭാവനയുടെയും സൃഷ്ടിയുടെയും ഭാഷ. ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകൾ കഴിഞ്ഞ കുറെ നാളുകളായി ഈ മേഖലയിൽ കുറെയേറെ പ്രാവീണ്യം നേടുകയും തീരുമാനങ്ങളെടുക്കുന്നതിൽ സ്വാതന്ത്ര്യം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. മത്സരാധിഷ്ഠിതമായ ക്വട്ടേഷൻവാങ്ങി, ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തയാളെ പ്രവൃത്തി ഏല്‌പിക്കണമെന്ന നിബന്ധനകൾ കലാപരമായ കാര്യങ്ങൾക്കു ചേരുന്നതല്ല.
സർക്കാരിന്റെ പ്രായോഗിക സമീപനം നമ്മുടെ ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകി. അന്താരാഷ്ട്ര വേദികളിൽ ചെല്ലുമ്പോഴേ ഇത്തരം സ്വാതന്ത്ര്യം എന്ത് അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടൂ. ഞാൻ ഡയറക്ടറായിരുന്ന 1987 ലാണ് ആദ്യമായി ടൂറിസം വകുപ്പിന്റെ പരസ്യങ്ങൾ ഒരു സ്വകാര്യ പരസ്യ ഏജൻസിയെക്കൊണ്ട് ഡിസൈൻ ചെയ്യിക്കുന്നത്. ഇന്നത് സ്വാഭാവികമാണെങ്കിലും അന്ന് അതൊരു തെറ്റായ നടപടിയായി കണ്ടവരുണ്ട് ('ഇയാൾ കുഴപ്പത്തിൽ ചാടും' എന്ന് ദുരന്തപ്രവചനം നടത്തിയവരുമുണ്ട്.)

ഡെൻമാർക്കിലെ വിശ്രുതമായ മെർമെയ്ഡിനെപ്പോലെ (mermaid) നമുക്കും ശംഖുമുഖത്തു ഒരു സാഗരകന്യകയാവാം എന്നതായിരുന്നു സാഗരകന്യകയുടെ പ്രചോദനം.. തിരുവനന്തപുരത്തു വിമാനമിറങ്ങുന്നവർക്കു ആകാശത്തിരുന്നു ശില്പം കാണണം. ഈ നഗരത്തിന്റെ ശില്‌പമുദ്ര‌യായി അത് മാറണം, അതിന്റെ മിനിയേച്ചർ ശില്പങ്ങൾ സഞ്ചാരികൾക്കു വാങ്ങാൻ കഴിയണം. ഇതൊക്കെയായിരുന്നു അന്നത്തെ സങ്കൽപ്പങ്ങൾ. മാറുമറയ്ക്കാത്ത സാഗരകന്യക അശ്ലീല ശില്പമാണെന്നും കേരളസംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നുമുള്ള മുദ്രാവാക്യവുമായി പ്രതിഷേധജാഥ സംഘടിപ്പിക്കപ്പെട്ട കാര്യവും ഇപ്പോൾ ഓർക്കാൻ രസമുണ്ട്. കേരളത്തിന് കാനായി നൽകിയ ഏറ്റവും വലിയ സംഭാവന കുറേ ശില്പങ്ങളല്ല; നഗ്നത അശ്ലീലമല്ല എന്ന സന്ദേശമാണ്. മലയാളി കുറെ സമയമെടുത്തു അതുൾക്കൊള്ളാൻ. അതിനു കാനായിക്ക് കൊടുക്കണം നമസ്‌കാരവും പുരസ്‌കാരവും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR, KANAYI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.