ന്യൂഡൽഹി: ഇന്ത്യാ- പാക് അതിർത്തിയിൽ മൂന്ന് അടി വിസ്താരവും 2,530 അടി താഴ്ചയും 150 മീറ്റർ ദൈർഘ്യവുമുള്ള തുരങ്കം കണ്ടെത്തി. ഇന്ത്യൻ സുരക്ഷാസേനയാണ് കത്‌വ അതിർത്തിയിലെ ഹിരൺനഗർ സെക്ടറിൽ തുരങ്കം കണ്ടെത്തിയത്. പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടുന്നതിന് പാക് സൈന്യം നിർമിച്ചതാണ് തുരങ്കമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നവംബറിൽ അതിർത്തിയിൽ കണ്ടെത്തിയ തുരങ്കത്തിന് സമാനമാണ് ഇതും.
അതിർത്തിയിൽനിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം. 65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേക്കുള്ളത്.
ഭീകരരെ അതിർത്തി കടത്തുന്നതിന് പാക് സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിർമിക്കുന്നതായാണ് ഇപ്പോൾ കണ്ടൈത്തിയ തുരങ്കത്തിന്റെ നിർമാണരീതി സൂചിപ്പിക്കുന്നതെന്ന് അതിർത്തി രക്ഷാസേന പറയുന്നു. ഇത് അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്. അതിർത്തിയിൽ നടക്കുന്ന തുടർച്ചയായ വെടിനിറുത്തൽ ലംഘനങ്ങളും അടുത്തിടെ കണ്ടെത്തിയ തുരങ്കങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഭീകരവിരുദ്ധ വിഭാഗം പറയുന്നു. തുരങ്കം നിർമിക്കുന്നതിൽനിന്ന് ഇന്ത്യൻ ഭാഗത്തുള്ള സൈനികരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇടയ്ക്കിടെ പാക് സൈന്യം വെടിയുതിർക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജമ്മുകാശ്മീർ അതിർത്തിയിൽ 930 വെടിനിറുത്തൽ ലംഘനങ്ങളാണ് 2020ൽ മാത്രം ഉണ്ടായതെന്നാണ് കണക്ക്. മുൻ വർഷത്തേക്കാൾ 54 ശതമാനത്തിന്റെ വർദ്ധനയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |