കൊച്ചി: ആത്മകഥയെഴുതിയ ആട് ആന്റണി, മരിച്ചിട്ടും പൊലീസ് സർവീസിൽ തുടർന്ന മണിയൻപിള്ള... ഇങ്ങനെ അപൂർവതകളേറെയുള്ള കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ ഒരുവരിപോലും മാറ്റാതെ ഹൈക്കോടതി ശരിവെക്കുകയായിരുന്നു. 200 ലേറെ മോഷണക്കേസിൽ പ്രതിയായ ആന്റണി മണിയൻപിള്ളയെ കൊലപ്പെടുത്തി മൂന്നുവർഷത്തിനു ശേഷമാണ് പാലക്കാട് തമിഴ്നാട് അതിർത്തിയിൽനിന്ന് ചിറ്റൂർ പൊലീസ് അറസ്റ്റ്‌ചെയ്തത്. തുടർന്ന് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് തിരുടാ തിരുടാ എന്ന പേരിൽ ആന്റണി ആത്മകഥയെഴുതി പ്രസിദ്ധീകരിച്ചത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആമുഖത്തിൽ ആട് ആന്റണി പറയുന്നു: നിയമം ഒരു ചിലന്തിവല പോലെയാണ്. ചെറിയ പ്രാണികൾ മാത്രമാണ് പലപ്പോഴും ചിലന്തിവലയിൽ അകപ്പെട്ടുപോകുന്നത്. വലിയ ജീവികൾ വലപൊട്ടിച്ചുപോകും.
പല വേഷങ്ങളിൽ തട്ടിപ്പു നടത്തിയിരുന്ന താൻ മോഹൻരാജ് എന്ന പേരിൽ വക്കീലായും നടന്നിട്ടുണ്ടെന്ന് ആട് ആന്റണി പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതു തനിക്കിട്ടൊരു ചെറു പണിയാണെന്ന് വിചാരണയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജി. മോഹൻരാജ് പറയുന്നു. തമിഴ്നാട് അതിർത്തിയിൽനിന്ന് പിടികൂടുമ്പോൾ ശെൽവരാജ് എന്നപേരിലാണ് ഇയാൾ നടന്നിരുന്നത്. ഈ പേരിൽ പാൻകാർഡും ഡ്രൈവിംഗ് ലൈസൻസുമൊക്കെയുണ്ടായിരുന്നു. മണിയൻപിള്ളയെ കൊലപ്പെടുത്തിയ സമയത്ത് താൻ കേരളത്തിൽ ഇല്ലായിരുന്നെന്നും തമിഴ്നാട്ടിലായിരുന്നെന്നുമാണ് ആട് ആന്റണി വാദിച്ചത്. എന്നാൽ തിരുവനന്തപുരത്ത് പ്രശാന്ത് നഗറിൽ വ്യാജപ്പേരിൽ വാടകയ്ക്ക് കഴിയുകയായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ചിറ്റൂരിൽ പൊലീസിന്റെ പിടിയിലാകുമ്പോഴും ഇയാളുടെ ബാഗിൽ കത്തിയും സ്‌ക്രൂഡ്രൈവറുമൊക്കെ ഉണ്ടായിരുന്നു.
മരിച്ചിട്ടും സർവീസിൽ തുടർന്ന മണിയൻപിള്ള
2012 ജൂൺ 25ന് രാത്രിയിൽ ആട് ആന്റണിയുടെ കുത്തേറ്റ് പൊലീസ് ഡ്രൈവർ മണിയൻപിള്ള മരിച്ചെങ്കിലും ആഭ്യന്തരവകുപ്പ് അദ്ദേഹത്തെ സർവീസിൽനിന്ന് നീക്കിയില്ല. ഇക്കഴിഞ്ഞ മേയ് 31 നാണ് മണിയൻപിള്ള ഔദ്യോഗിക സർവീസിൽ നിന്ന് വിരമിച്ചത്. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടങ്ങാതെ ശമ്പളം എത്തിച്ചുകൊടുത്തു. സർവീസിലിരിക്കെ അക്രമിയുടെ കൊലക്കത്തിക്കിരയായ മണിയൻപിള്ളയ്ക്ക് കേരള പൊലീസ് നൽകിയ ഈ ആദരം സമാനതകളില്ലാത്തതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |