''നമ്മളെ ക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ് ഏറ്റവും പ്രധാനമായി നമ്മളെ നയിക്കാൻ പോകുന്നത്. പാർട്ടിയും നാട്ടുകാരും അർപ്പിച്ചിരിക്കുന്ന വിശ്വാസം, അവരുടെ പ്രതീക്ഷ ഇതൊക്കെ കുറച്ചുകൂടി നമ്മളെ കൂടുതൽ ബോൾഡാക്കും, കാര്യങ്ങൾ പഠിക്കുന്നതിനും മനസിലാക്കുന്നതിനും വേണ്ടി പ്രാപ്തരാക്കും."" തിരുവനന്തപുരത്തിന്റെ സ്വന്തം മേയർ ആര്യാരാജേന്ദ്രൻ സംസാരിക്കുന്നു...
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ലോകമറിഞ്ഞ, തിരുവനന്തപുരത്തിന്റെ സ്വന്തം മേയർ ആര്യാരാജേന്ദ്രനൊപ്പം. ആര്യയെ ലോകമറിഞ്ഞു, എന്തു പറയുന്നു?
സന്തോഷമുണ്ട്. ഒരുപാട് പേരുടെ ആശംസകളും അതുപോലെ തന്നെ അനുഗ്രഹങ്ങളും കിട്ടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ശ്രീലങ്കയിൽ നിന്നും ഒരു മന്ത്രി വിളിച്ചിരുന്നെന്ന് കേട്ടു?
വിളിച്ചിരുന്നു. രാജ്യത്തിന് പുറത്തുനിന്നാണ് കൂടുതലാളുകളും വിളിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നും കുറേ പേർ വിളിച്ചു.
അയൽക്കാരൻ കൂടിയായ നടൻ മോഹൻലാലും വിളിച്ചു?
അതേ. മേയറെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ അതു കണ്ട് വിളിച്ചു സംസാരിച്ചതാണ്. വലിയ സന്തോഷം തോന്നിയിരുന്നു.
മോഹൻലാൽ ആര്യയുടെ മണ്ഡലത്തിലെ വോട്ടറല്ലേ?
അതേ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലാലേട്ടൻ വോട്ട് ചെയ്യാൻ വന്നിരുന്നു. ഇപ്പോൾ വന്നിട്ടില്ല. മുടവൻമുകൾ കേശവദേവ് റോഡിലാണ് വീടെന്നു പറയുമ്പോൾ അതെവിടെയാണെന്ന് ചോദിക്കുമ്പോൾ ലാലേട്ടന്റെ വീടിനടുത്താണ് എന്നാണ് പറയാറുള്ളത്. വളരെ ചെറുപ്പം മുതലേയുള്ള ശീലമാണത്.
മോഹൻലാലിന്റെ സിനിമകളൊക്കെ കാണാറുണ്ടോ?
ലാലേട്ടന്റെ സിനിമകൾ പറ്റുമ്പോഴൊക്കെ കാണാറുണ്ട്. എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്, മമ്മൂക്കയുടെ സിനിമകളും കാണാറുണ്ട്. എല്ലാ നടൻമാരും അവരവരുടെ മേഖലയിൽ കഴിവ് തെളിയിച്ചവരാണല്ലോ. സിനിമ കാണുന്നതും പാട്ടുകേൾക്കുന്നതും ഇഷ്ടമാണ്. തിയേറ്ററിൽ പോയി സിനിമ കാണുന്നത് കുറവാണ്. യാത്ര ചെയ്യുമ്പോഴാണ് ഫോണിലാണ് സിനിമകൾ കാണുന്നത്. ലാലേട്ടന്റെ 'തന്മാത്ര" എന്ന സിനിമ ഏറെ പ്രിയപ്പെട്ടതാണ്. അതിൽ രണ്ട് എക്സ്ട്രീമുകളുണ്ട്. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സമയവും സങ്കടമുള്ള സമയവും അതിൽ കാണിക്കുന്നുണ്ട്.
മുടവൻ മുകൾ വലിയ വാർഡാണ്. ഇപ്പോൾ മോഹൻലാൽ മാത്രമല്ല, തലസ്ഥാനനഗരത്തിന്റെ മേയറും ആ നാട്ടുകാരിയാണ്?
അതേ. ആളുകൾക്ക് വലിയ സന്തോഷമാണ്. അവർ വോട്ടു ചെയ്ത് വിജയിപ്പിച്ച ഒരു കുട്ടി, അവരുടെ ജനപ്രതിനിധിയാണ് തിരുവനന്തപുരത്തെ മേയറായിരിക്കുന്നത് എന്നതിൽ അവർ സന്തോഷം കാണിക്കുന്നുണ്ട്.
വി.കെ. പ്രശാന്ത് മേയറായപ്പോൾ അന്ന് അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. പ്രളയമുണ്ടായപ്പോൾ വലിയൊരു ടീം വർക്ക് അന്നുണ്ടായി. മേയർ ബ്രോ എന്നാണ് അന്ന് മേയറെ വിളിച്ചിരുന്നത്. ആര്യയെ ഏതു രീതിയിൽ വിളിക്കാം. ലേഡി മേയർ എന്ന വിളിയിലോ മറ്റോ താത്പര്യമുണ്ടോ?
എനിക്ക് തോന്നുന്നു എല്ലാവരുടെയും വലിയ ചോദ്യമാണിതെന്ന്. പ്രശാന്തേട്ടൻ മേയറായി വരുമ്പോൾ സാധാരണ ഉപയോഗിച്ചിരുന്ന വാക്കുകൾ സാധാരണനഗരപിതാവ്, നഗരമാതാവ് എന്നൊക്കെയാണ്. പ്രശാന്തേട്ടൻ അതിൽ നിന്നെല്ലാം വ്യത്യസ്തനായി മേയർ ബ്രോ ആയി. എല്ലാവരുടെയും വീട്ടിലെ അംഗമായിക്കഴിഞ്ഞു. പ്രശാന്തേട്ടനെ വിളിക്കുന്ന രീതി പോലെ ആര്യയെ വിളിക്കാൻ പറ്റില്ല. യുവതിയാണോ, വിദ്യാർത്ഥിനിയാണോ, കുട്ടിയാണോ എന്ന് പറയാൻ കഴിയാത്തവിധം ഞാൻ എല്ലാറ്റിന്റെയും നടുക്കായി പോയി. ചിലർ മോളേ എന്ന് വിളിക്കട്ടെ എന്ന് തുറന്നു ചോദിക്കുന്നുണ്ട്. എന്താണ് വിളിക്കേണ്ടതെന്ന് അനുവാദംചോദിക്കുന്നവരുമുണ്ട്. ഇഷ്ടമുള്ളത് വിളിച്ചോളൂ എന്നാണ് എന്റെ മറുപടി. വിളിക്കുന്നതെന്തായാലും അതിൽ സ്നേഹമുണ്ടെന്നാണ് വിശ്വസിക്കുന്നത്. മനസിലാണ് ബഹുമാനം വേണ്ടതെന്ന അഭിപ്രായമാണ്. ബാലസംഘത്തിലെ ചെറിയ കുഞ്ഞുങ്ങളൊക്കെ ചേച്ചീ എന്നാണ് വിളിക്കുന്നത്. എസ്.എഫ്.ഐക്കാരൊക്കെ കാണുന്ന സമയത്ത് മേയർ എന്നതിനപ്പുറത്ത് അവരുടെ കൂടെ ഉണ്ടായിരുന്ന ഒരാളെന്ന നിലയിലാണ് ഇടപെടുന്നത്.
മേയർ പദവിയിൽ എങ്ങനെയുണ്ട്?
നല്ല എക്സ്പീരിയൻസ് തന്നെയാണ്. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ് ഏറ്റവും പ്രധാനമായി നമ്മളെ നയിക്കാൻ പോകുന്നത്. പാർട്ടിയും നാട്ടുകാരും അർപ്പിച്ചിരിക്കുന്ന വിശ്വാസം, അവരുടെ പ്രതീക്ഷ ഇതൊക്കെ കുറച്ചുകൂടി നമ്മളെ കൂടുതൽ ബോൾഡാക്കും, കാര്യങ്ങൾ പഠിക്കുന്നതിനും മനസിലാക്കുന്നതിനും വേണ്ടി പ്രാപ്തരാക്കും.
കോളേജിലേക്ക് എങ്ങനെയാണ് നേരത്തെ പോയി കൊണ്ടിരുന്നത്?
അച്ഛന്റെ ബൈക്കിലാണ്. രാവിലെ കൊണ്ടുവിടും, തിരിച്ച് ബസിൽ വരും. ടൂവീലർ ചെറുതായിട്ടൊക്കെ ഓടിക്കും.
അന്നൊക്കെ നഗരത്തിലൂടെ അച്ഛന്റെ കൂടെ യാത്ര ചെയ്യുമ്പോൾ മേയർ ബ്രോ ഒക്കെ കാറിൽ പോകുന്നത് കൗതുകത്തോടെ നോക്കിയിട്ടുണ്ടോ?
പ്രശാന്തേട്ടനെ വ്യക്തിപരമായി അറിയാം. സംഘടനാപരമായി അറിയാം, ബാലസംഘം ഭാരവാഹി ആയതുകൊണ്ടു തന്നെ പലപ്പോഴും സംസാരിക്കാറുണ്ട്. എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ചൊക്കെ. ഞാൻ ഈ സ്ഥാനത്ത് എത്തുമ്പോഴും നേരത്തെ എന്നെ പരിചയമുള്ള ആളുകൾക്ക് ഞാൻ പഴയ ആൾ തന്നെയാണല്ലോ. പ്രശാന്തേട്ടനും അങ്ങനെ തന്നെയായിരുന്നു. കൗതുകം എന്നതല്ല, മേയർ എന്നതിനപ്പുറത്തേക്ക് നമ്മുടെ ഒരു ചേട്ടൻ പോകുന്നു, പ്രശാന്തേട്ടൻ പോകുന്നു എന്നു തന്നെയാണ് പറയാറുള്ളത്.
മേയർ എന്ന ബോർഡ് വച്ച കാറിൽ പോകുമെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
ഇല്ല. ഒരിക്കലുമില്ല. മേയറായതിനുശേഷം കോളേജിലേക്ക് ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ പോയ അനുഭവം എങ്ങനെയുണ്ടായിരുന്നു?
ഇന്നലെ പഠിച്ച സ്കൂളിൽ പോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം കോളേജിലും പോയി. എനിക്ക് തോന്നുന്നത് അതിന്റെ പുറത്തു നിൽക്കുമ്പോൾ നമുക്കൊരു ഔദ്യോഗിക പദവിയുണ്ട്. പക്ഷേ, അതിനകത്തെത്തുമ്പോൾ നമ്മൾ എത്ര തന്നെ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും അവിടെ കളിച്ചുവളർന്ന, സന്തോഷങ്ങൾ അനുഭവിച്ച വിദ്യാർത്ഥിനിയാണ് ഞാൻ. പത്താം ക്ളാസ് വരെ തിരുവനന്തപുരം കാർമ്മലിലും പ്ളസ്ടു വിദ്യാഭ്യാസം കോട്ടൺ ഹിൽ സ്കൂളിലുമായിരുന്നു.
ആൾസെയിന്റ്സ് കോളേജിൽ ഇപ്പോഴും വിദ്യാർത്ഥിനിയാണ്. പുറത്തുവരെ കാറിൽ ചെന്നാലും അകത്തു ചെല്ലുമ്പോൾ മേയറാണെന്ന തോന്നലാണോ, ക്ളാസ് റൂമിൽ ഒന്നു കൂടി ചെന്നിരിക്കണമെന്നാണോ?
തീർച്ചയായും. പഠിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണല്ലോ, ഏതുകാലത്തും. പ്രത്യേകിച്ചും ഒരു പെൺകുട്ടിയെന്നെ നിലയിൽ. വിവാഹപ്രായത്തിന്റെ കാര്യത്തിൽ ഒരുപാട് തർക്കങ്ങൾ നടക്കുന്ന നാടു കൂടിയാണ് നമ്മുടേത്. അങ്ങനെയുള്ള കാലത്ത് ഓരോ പെൺകുട്ടിയുടെയും വ്യക്തിയുടെയും ലക്ഷ്യമാണ് പഠനം. കാമ്പസിനകത്ത് നിൽക്കുമ്പോൾ വിദ്യാർത്ഥിനി തന്നെയാണ്. മനസും അങ്ങനെ തന്നെയാണ് പറയുന്നത്.
ഇനി തുടർന്നുള്ള ദിവസങ്ങളിൽ ക്ളാസിൽ പോയിരുന്നു പഠിക്കുമോ?
കഴിയുന്ന ദിവസങ്ങളിലൊക്കെ ക്ളാസിൽ തന്നെ പോയിരുന്നു പഠിക്കും. ടീച്ചർമാരൊക്കെ നല്ല സപ്പോർട്ടാണ്. കൂട്ടുകാരികൾക്കും സന്തോഷമാണ്. അവർ എന്നെ പരിചയപ്പെടുന്ന കാലം തൊട്ടേ സഖാവേ എന്നാണ് വിളിക്കുന്നത്. കുട്ടി സഖാവ് എന്ന് വിളിക്കുന്നവരുമുണ്ട്.
ആര്യ പാർട്ടി വളർത്തിയ വാനമ്പാടിയാണ്?
തീർച്ചയായും. ആര്യ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതിൽ പ്രധാനപങ്കുവഹിച്ചത് പാർട്ടി തന്നെയാണ്.
അച്ഛന്റെ രാഷ്ട്രീയമാണോ പാർട്ടിയിലേക്ക് നയിച്ചത്?
എന്നെ സംബന്ധിച്ചിടത്തോളം ഓർമ്മവച്ച കാലം മുതലേ അച്ഛൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അപ്പോൾ അച്ഛന്റെ പാർട്ടി എന്നതിനപ്പുറത്തേക്ക് ഇടതുപക്ഷമാണ് ശരി എന്ന കാഴ്ചപ്പാട് എന്റെ ചെറിയ മനസിൽ നിന്നും തുടങ്ങിയിട്ടുള്ളതാണ്. അച്ഛൻ സാധാരണക്കാരനാണ്, തൊഴിലാളി എന്നതുകൊണ്ട് അത് എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റും. നമ്മുടെ കുടുംബം എങ്ങനെയാണ് കഴിയുന്നത്, നമ്മുടെ ജീവിതരീതി ഇങ്ങനെയാണ് എന്നൊക്കെ നമുക്കറിയാം. ഇടതുപക്ഷപ്രസ്ഥാനം രൂപീകരിച്ചതു തന്നെ തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തോളം വലിയ അടുപ്പമാണ് തോന്നിയിട്ടുള്ളത്. അച്ഛനും അമ്മയും ചേട്ടനും ഞാനും കേശവദേവ് റോഡ് ബ്രാഞ്ചിലെ അംഗങ്ങളാണ്. 2018 മുതൽ പാർട്ടി അംഗമാണ്. വളരെ ചെറിയ വയസിലേ ബാലസംഘം പരിപാടിക്ക് അച്ഛൻ കൊണ്ടുപോകുമായിരുന്നു. ബാലദിന ഘോഷയാത്ര, മെമ്പർഷിപ്പ്. അഞ്ചാം ക്ളാസ് മുതലാണ് ബാലസംഘത്തിന്റെ സംഘടനാരീതികൾ മനസിലാക്കിയത്. പിന്നെ ലോക്കൽ, ഏരിയാ കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച് 2016 ഏരിയാകമ്മിറ്റി പ്രസിഡന്റാകുന്നു. പിന്നീട് ജില്ലാപ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായി. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാജില്ലകളിലും പോയിട്ടുണ്ട്. ഒറ്റയ്ക്കു തന്നെയായിരുന്നു യാത്രകൾ. എല്ലാദിവസവും യാത്രയുണ്ടാകില്ല. മറ്റു സമയത്ത് തിരുവനന്തപുരത്തുണ്ടാകും. വീട്ടിലും ചിലപ്പോൾ പാർട്ടി ഓഫീസിലുമിരുന്ന് പഠിച്ചിട്ടുണ്ട്.
പഠിത്തത്തിൽ എങ്ങനെയാണ്. നന്നായി പഠിക്കുന്ന വിദ്യാർത്ഥിനിയാണല്ലോ?
അതേ. പഠിക്കുക എന്നത് എന്റെ ഒരു ലക്ഷ്യം കൂടിയാണ്. കാരണം രാഷ്ട്രീയ പ്രവർത്തനത്തിന് പഠനം അത്യാവശ്യമാണ്. പഠിക്കുന്നത് ജോലിക്ക് വേണ്ടി എന്നതിനപ്പുറം അറിവ് കിട്ടാൻ വേണ്ടിയാകണം. ഞാൻ ബാലസംഘത്തിലെ കുട്ടികളോട് എപ്പോഴും പറയാറുണ്ട് ഈ കാര്യം. ഡോക്ടർമാരും എൻജിനിയർമാരും എന്നതിനപ്പുറം നല്ല അറിവുകളുണ്ടാകണം. ആദ്യം അവർ മനുഷ്യരായി വളരട്ടെ, അതിനുശേഷം എന്തെങ്കിലുമാകാം. നല്ല മനുഷ്യർക്ക് ആരുവേണമെങ്കിലുമാവാം.
പഠിച്ച് ജോലി നേടി രക്ഷിതാക്കളെ നോക്കണം. അങ്ങനെ ചിന്തിച്ചിട്ടില്ലേ?
തീർച്ചയായും. ഞാൻ എന്തെങ്കിലുമായാൽ അവരെ നോക്കണം. അവരുടെ പ്രായം കൂടി വരികയാണല്ലോ. ജോലി ഒരിക്കലും അൾട്ടിമേറ്റ് ലക്ഷ്യമാകരുത് എന്നാണ് ഞാൻ പറഞ്ഞത്. എന്തു ജോലിയാണെങ്കിലും അതിനൊരു വിലയുണ്ടെന്ന് കരുതുന്ന ആളാണ് ഞാൻ. രാഷ്ട്രീയപ്രവർത്തനം എന്നെ സംബന്ധിച്ചിടത്തോളം ഒരു ജോലിയല്ല, അടുത്ത തലമമുറയെ രാഷ്ട്രീയവത്കരിക്കുക, അവർക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക എന്ന എന്റെ കടമയാണ്. ഐ.പി.എസ് ജോലിയോട്, ആ യൂണിഫോമിനോട് ഒരു ബഹുമാനമുണ്ട്. അത് ആർമിയോടുമുണ്ട്.
ആ മോഹം ഇപ്പോൾ മാറ്റിവച്ചോ?
മാറ്റിവച്ചതല്ല. രണ്ടും വ്യത്യസ്തങ്ങളായ മേഖലയാണല്ലോ. പ്രോട്ടോകോൾ പ്രകാരം അതിനേക്കാൾ മുകളിലായി. രാഷ്ട്രീയപ്രവർത്തനം നടത്തുക എന്നത് നമ്മുടെ മാത്രം തീരുമാനം മാത്രമല്ല, അത് പാർട്ടിയുടേതുമാണ്. പാർട്ടി എന്താണ് പറയുന്നത് അതനുസരിച്ച് നിൽക്കും. സംഘടനാജീവിതത്തിൽ പാർട്ടി പറയുന്നതിനപ്പുറമുള്ള ഒരു നിലപാടുമെടുത്തിട്ടില്ല.
പ്ളസ്ടു കഴിഞ്ഞ് എൻജിനീയറിംഗിന് ചേർന്നിരുന്നല്ലോ?
അതേ. എൽ.ബി.എസിലായിരുന്നു. അപ്ളൈഡ് ഇലക്ട്രോണിക്സായിരുന്നു. മാത്സ് പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പൂർത്തിയാകാത്തത്.
കണക്ക് ആളുകൾക്ക് പൊതുവേ ഇഷ്ടമില്ലാത്ത വിഷയമാണല്ലോ. പ്രത്യേകിച്ച്'സ്ഫടികം" എന്ന സിനിമയിൽ ചാക്കോ മാഷ് പറഞ്ഞിട്ടുമുണ്ട്?
ചാക്കോ മാഷിനെ പോലെയാണ് എല്ലാ കണക്ക് ടീച്ചർമാരുമെന്ന ചിന്ത വളരെ ചെറുപ്പത്തിലേ എന്റെ മനസിലുമുണ്ട്. എൽ.ബി.എസിൽ പഠിപ്പിച്ചിരുന്ന രണ്ട് അദ്ധ്യാപകരാണ് എനിക്ക് കണക്കിനോടുള്ള താത്പര്യമുണ്ടാക്കിയത്. എനിക്ക് എന്തറിയില്ല എന്ന് മനസിലാക്കിയാണ് അവർ പഠിപ്പിച്ചത്. വ്യക്തിപരമായി അവരുടെ ജീവിതവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആര്യ എന്ന വിദ്യാർത്ഥിനിക്കപ്പുറം അവർ കൂടെയുള്ള ഒരാളായി കാണിച്ചിട്ടുള്ള വാത്സല്യവും കാരണമായി. എല്ലാ കുട്ടികളോടും ആ അദ്ധ്യാപകർ അങ്ങനെയാണ്. തിയറിയേക്കാൾ എപ്പോഴും പ്രോബ്ളമാണ് എനിക്കിഷ്ടം. എന്നെ പഠിപ്പിച്ച ഈ അദ്ധ്യാപകർക്കും ഈ കാര്യം നന്നായി അറിയാം.
പാർട്ടി തിയറി നന്നായി മനസിലാക്കിയിട്ടുള്ള ആര്യയ്ക്ക് ഇനി പ്രോബ്ളം വരുമ്പോൾ പ്രശ്നമുണ്ടാകില്ല?
ഇല്ല, ഇല്ല (ചിരിക്കുന്നു)
ചാക്കോ മാഷ് പറയുന്നതു പോലെ ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലൂടെയാണ്. ഇനി തിരുവനന്തപുരം നഗരത്തിന്റെ സ്പന്ദനവും അങ്ങനെയായിരിക്കുമോ?
കണക്കുക്കൂട്ടലുകൾ എല്ലാത്തിനും വേണമല്ലോ.എല്ലാം നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ്. പ്രോംബ്ളംസ് എന്നു പറയുന്ന ആ വാക്കിലുള്ളതുപോലെ പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കണം.
അതൊരു പക്ഷേ, പാർട്ടി പ്രവർത്തനത്തിലൂടെ ആർജിച്ചെടുത്തതാണ്. അല്ലേ?
അതേ.
ആര്യയെ മേയറായി തിരഞ്ഞെടുത്തപ്പോൾ കൗമുദി പത്രത്തിൽ ആര്യ റെഡ് വളണ്ടിയർ മാർച്ചിൽ പങ്കെടുത്ത് യൂണിഫോമിട്ട് കൊടി പിടിച്ച്നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു?
അതേ. അതൊരു കേഡർ സ്വഭാവമാണല്ലോ. ലീഡർഷിപ്പിന്റെ ഭാഗം. നമ്മുടെ ജീവിതരീതികളെയൊക്കെ മാറ്റിവച്ചുകൊണ്ട് അതിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ധൈര്യം, ഊർജം അതു മറ്റൊന്നിനും തരാൻ കഴിയുന്നതല്ല. റെഡ് വളണ്ടിയർ എന്നു പറയുമ്പോൾ കുറേ പേരെ നിയന്ത്രിക്കുക, കുറേ പേരെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തം കൂടി നമുക്കുണ്ട്. നമ്മൾ സ്വയം ലീഡറായി മാറും. സി.പി.എം ജില്ലാസമ്മേളനത്തിൽ നിന്നുള്ള ചിത്രമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം പ്രൗഡ് മൊമന്റാണ്. കാർമ്മൽ സ്കൂളിൽ പഠിക്കുമ്പോൾ അവിടെയുള്ള ബാൻഡ് ടീം അംഗമായിരുന്നു ഞാൻ.
എസ്.എഫ്.ഐയുടെ അമ്പതാംവാർഷികമായിരുന്നു. സംഘടനയെക്കുറിച്ച് എന്തു പറയുന്നു?
ഏറ്റവും അഭിമാനം തന്നൊണ്. എസ്.എഫ്.ഐ, ബാലസംഘം സംഘടനകൾ വളർത്തിയതാണല്ലോ എന്നെ. ഞാൻ സംസാരിക്കുന്ന രീതി, എന്റെ സ്വഭാവത്തിൽ പോലും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട് എസ്.എഫ്.ഐയും ബാലസംഘവും. അന്ന് സംഘടിപ്പിച്ച പരിപാടിയിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, മാറേണ്ടി വന്നു.
എസ്.എഫ്.ഐയുടെ അമ്പതാം വാർഷികത്തിൽ ആ സംഘടനയെ സംബന്ധിച്ചിടത്തോളം കിട്ടിയ ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ഈ പദവി അല്ലേ?
അതെ. എസ്.എഫ്.ഐയ്ക്കും ബാലസംഘത്തിനും പാർട്ടി നൽകിയിട്ടുള്ള അംഗീകാരം കൂടിയാണിത്, ആര്യ എന്നു പറയുന്ന വ്യക്തിക്കല്ല. ഇനി എന്തായി മാറിയാലും ഇനി ആയില്ലെങ്കിലും എസ്.എഫ്.ഐയും ബാലസംഘവും വഴി ആര്യ അറിയപ്പെടും. അല്ലെങ്കിൽ പാർട്ടി വഴി ആര്യ അറിയപ്പെടും. അല്ലാതെ ആര്യ വഴിയല്ല, ആര്യ അറിയപ്പെടുക.
അല്ലാതെ തന്നെ ആര്യയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയല്ലോ?
അതെ. പക്ഷേ, അതൊരിക്കലും ആര്യ എന്ന വ്യക്തിക്കുള്ളതല്ല. ഈ നിലപാടെടുത്ത പാർട്ടിക്കുള്ളതാണ്, ആര്യയെ ആര്യയാക്കിയ, സഖാവ് ആര്യയാക്കിയ പ്രസ്ഥാനങ്ങൾക്കുള്ളതാണ്.
(അഭിമുഖത്തിന്റെ അവസാനഭാഗം അടുത്തയാഴ്ച)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |