SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.24 PM IST

ബഡ്‌ജറ്റിൽ കാണാം കേരളത്തിന്റെ അതിജീവന ശേഷി : മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച 2021- 22ലേക്കുള്ള ബഡ്ജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഭാവി കേരളത്തിന്റെ വികസനമാണ് ബഡ്ജറ്റിൽ പ്രതിഫലിക്കുന്നത്.
2019ഓടെ സാർവ്വദേശീയ ദേശീയ തലത്തിൽ വളർച്ചാ നിരക്കിലുണ്ടായ ഇടിവ് സംസ്ഥാനത്തെയും ബാധിച്ചു. ആ പ്രതിസന്ധിയെ കൊവിഡ് മഹാമാരിയുടെ വരവ് അതിസങ്കീർണമാക്കി. സാമൂഹിക, സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചു കടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. അതിനുള്ള പ്രായോഗിക മാർഗമാണ് ഈ ബഡ്ജറ്റിലും കണ്ടെത്തുന്നത്. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാതൃകയാക്കാനും ലക്ഷ്യമിടുന്നു. ഒരു വർഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ദീർഘ കാലാടിസ്ഥാനത്തിൽ പുതിയ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്നതുമാണ് ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ.
സാമ്പത്തിക വളർച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക സമത്വത്തിലും ഊന്നൽ നൽകുന്നുവെന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ സവിശേഷത. കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും നാടിന്റെ സർവ്വതോമുഖമായ പുരോഗതിക്കായി സമഗ്ര പദ്ധതികൾ ആവിഷ്കരിക്കാനും വിട്ടുവീഴ്ചയില്ലാതെ ശ്രമിക്കുന്നുവെന്നതാണ് ഈ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ കൂടുതൽ ഉറപ്പോടെ പരിരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബഡ്ജറ്റിൽ ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA