ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നിരോധിത സംഘടനയായ സിക്ക്‌സ് ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിൽ കർഷകസമര നേതാവിന് ദേശീയ അന്വേഷണ ഏജൻസിയുടെ നോട്ടീസ്. പുതിയ കാർഷിക നിയമങ്ങൾക്കെതിരായ ദില്ലി ചലോ സമരത്തിൽ പങ്കെടുക്കുന്ന എൽ.ഐ.ഐ.ഡബ്ലിയു.എസ് സംഘടനയുടെ പ്രസിഡന്റ് ബൽദേവ് സിംഗ് സിർസയ്ക്കാണ് എൻ.ഐ.എ നോട്ടീസ് നൽകിയത്. ഡൽഹി സി.ജി.ഒ കോംപ്ലക്സിലെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. സിർസയെ കൂടാതെ ഒരു മാദ്ധ്യമപ്രവർത്തകനടക്കം കർഷക സമരവുമായി ബന്ധപ്പെട്ട മറ്റു ചിലർക്കും നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ട്. കർഷക സമരം ഒത്തുതീർക്കാൻ കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന സംഘടനയാണ് എൽ.ബി.ഐ.ഡബ്ലിയു.എസ്.
കേന്ദ്രസർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് യു.എസ് കേന്ദ്രീകരിച്ചുള്ള സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു ഉൾപ്പെടെയുള്ള ഖാലിസ്ഥാൻ നേതാക്കൾക്കെതിരായ കേസ്. കഴിഞ്ഞവർഷം ഡിസംബർ 15നാണ് കേസെടുത്തത്.
കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്താനായി യു.എസ്.എ, യു.കെ. കാനഡ, ജർമ്മനി തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി വൻതോതിൽ പണം സമാഹരിച്ചതായാണ് ആരോപണം.
ഇന്ത്യയിലെ ഖാലിസ്ഥാൻ അനുകൂല സംഘടനകളിലേക്ക് എൻ.ജി.ഒകൾ വഴിയാണ് ഈ ഫണ്ട് എത്തുന്നതെന്നുമാണ് എൻ.ഐ.ഐ പറയുന്നത്.
അതേസമയം കർഷക സമരം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് ബൽദേവ് സിംഗ് സിർസ പറഞ്ഞു. ആദ്യം സുപ്രീംകോടതിയെ ഉപയോഗിച്ചായിരുന്നു ശ്രമമെങ്കിൽ ഇപ്പോൾ എൻ.ഐ.എയെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കർഷകസമരവുമായി ബന്ധപ്പെടുന്നവർക്കെതിരെ അനാവശ്യ കേസുകളെടുക്കുന്നതായും ഇത് അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കേന്ദ്രസർക്കാരിനോട് കർഷക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
കർഷക സമരത്തിൽ ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |