തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ സ്വീകരിച്ച അതേ രാഷ്‌ട്രീയ നീക്കവുമായി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ഇടതുപക്ഷം. ജനങ്ങൾക്കിടയിലേക്ക് നേരിട്ടിറങ്ങി പ്രവർത്തിച്ച ശൈലിയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായതെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചും ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചതും ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിന് ഗുണകരമായെന്ന് മുന്നണി കണക്കുകൂട്ടുന്നു.
അടുത്തയാഴ്ച ചേരുന്ന മുന്നണിയോഗം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് രൂപംനൽകും. വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിച്ച കമ്മിറ്റികൾ ബൂത്തുതലത്തിലേക്ക് പുനഃക്രമീകരിക്കും. തദ്ദേശപ്രവർത്തനത്തിൽ വേണ്ടത്ര മികവുപ്രകടിപ്പിക്കാത്ത കമ്മിറ്റികളിൽ മാത്രമായിരിക്കും പൊളിച്ചെഴുത്തുണ്ടാകുക. വികസനം ചർച്ചയാക്കി, യുഡിഎഫ്. പ്രചാരണത്തെ മറികടക്കുകയെന്ന എന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്.
സി.പി.എമ്മും സി.പി.ഐ.യും പാർട്ടിതലത്തിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. മുന്നണിതല കമ്മിറ്റികൾ അടുത്ത എൽ.ഡി.എഫ്. യോഗത്തിനുശേഷം രൂപവത്കരിക്കും. സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചർച്ചനടത്തി ധാരണയുണ്ടാക്കിയശേഷമായിരിക്കും മുന്നണിയിൽ തീരുമാനമുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |