കൊല്ലം: പൊലീസിന്റെ നോട്ടപ്പുള്ളിയായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെ പ്രണയിക്കുന്നത് അൻപതുകളുടെ കാലഘട്ടത്തിൽ ചെറിയ കാര്യമല്ല. വെളിയം ഭാർഗവനെന്ന വിപ്ലകാരിയെ പ്രണയിച്ച സുനീതി ടീച്ചർ പേറിയത് ചരിത്രം മായ്‌ക്കാത്ത ഓർമ്മകകൾ. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റുമായിരുന്ന വെളിയം ഭാർഗവന്റെ ഭാര്യ സുനീതി ടീച്ചർ വിടവാങ്ങുമ്പോൾ അലയടിക്കുന്നത് ആ ഓർമ്മകളാണ്.വെളിയം ഭാർഗവൻ കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുന്ന കാലം. പഠനത്തിൽ ഒന്നാമനായ യുവനേതാവിന്റെ വാക്ചാതുരിയും നിലപാടുകളും ചെറുത്തുനിൽപ്പുകളും അതേ കോളേജിലെ വിദ്യാർത്ഥിനിയായ സുനീതിയെ ആകർഷിച്ചു. അന്ന് മുതൽ ആ കമ്മ്യൂണിസ്റ്റിനെ ജന്മിയുടെ മകൾ ഹൃദയത്തോട് ചേർത്തുവച്ചു. ആശാൻ വിദ്യാർത്ഥി യൂണിയൻ നേതാവായിരുന്നപ്പോഴും 1957ൽ ചടയമംഗലത്ത് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോഴും അഗാധമായ പ്രണയം ഇരുവരിലും ഒഴുകിക്കൊണ്ടിരുന്നു. പപ്പു വക്കീലെന്ന കൊട്ടാരക്കരയിലെ പ്രമുഖനായ അഭിഭാഷകന്റെ മകളായിരുന്നു സുനീതി. പ്രണയം വീട്ടിൽ പറയാൻ ഭയമായിരുന്നു. ഒടുവിൽ എം.എൻ. ഗോവിന്ദൻ നായരുൾപ്പെടെയുള്ളവർ ഇടപെട്ടപ്പോൾ സുനീതിയുടെ അച്ഛൻ വഴങ്ങി. 1963 മേയിലായിരുന്നു വിവാഹം. ആദ്യം കൊട്ടാരക്കരയിലും പിന്നെ നീലേശ്വരത്തും താമസിച്ചതിന് ശേഷമാണ് ഇരുവരും തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയത്.
ആശാൻ പാർട്ടിക്കു വേണ്ടി കേരളമാകെ സഞ്ചരിക്കുമ്പോൾ അദ്ധ്യാപനവൃത്തി കൊണ്ട് വീട് നോക്കുകയായിരുന്നു ടീച്ചർ. വീട്ടിൽ നല്ലൊരു കസേര വാങ്ങിയിടാൻ പോലും മറന്ന വെളിയം ഭാർഗവനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ നിഴലായി അഞ്ചു പതിറ്റാണ്ടുകാലം ടീച്ചർ ഒപ്പമുണ്ടായിരുന്നു. അവസാനനാളുകളിൽ വരെ മരുന്നും പരിചരണവുമായി
ആശാൻ ആരുപറഞ്ഞാലും കേൾക്കില്ലെന്നും നിലപാടുകളിൽ വെള്ളം ചേർക്കില്ലെന്നും ടീച്ചർക്കും നന്നായി അറിയാമായിരുന്നു. ആകെ ആവശ്യപ്പെട്ട രണ്ട് ചെറിയ കാര്യങ്ങൾ ആശാൻ സാധിച്ചുകൊടുത്തതുമില്ല.
കൊട്ടാരക്കര സ്‌കൂളിൽ നിന്ന് ഹെഡ്മിസ്ട്രസായി സ്ഥാനക്കയറ്റം കിട്ടിയപ്പോൾ തെക്കൻ ജില്ലകളിലെവിടെയെങ്കിലും മാറ്റം തരപ്പെടുത്തിത്തരണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. 'ഒരു സ്വാധീനവും നടത്താൻ പറ്റില്ല, എവിടെ കിട്ടുന്നോ അവിടെ ജോലി ചെയ്യുക' ആശാന്റെ മറുപടി ഉടനായിരുന്നു. പിന്നീട് നിയമനം ലഭിച്ച വയനാട്ടിൽ അടുത്ത സ്ഥലംമാറ്റം വരെ അഞ്ചുവർഷം ജോലി ചെയ്തു. തിരുവനന്തപുരത്തെത്തി കുറേനാൾ കഴിഞ്ഞ് അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട് വീണ്ടും ദൂരെ ജോലിചെയ്യേണ്ട സാഹചര്യമുണ്ടായി. ഒരു ഡെപ്യൂട്ടേഷൻ തരപ്പെടുത്താമോയെന്ന് ആവശ്യമുന്നയിച്ചു. അതും അപ്പോൾത്തന്നെ തള്ളി. അന്ന് ചെറിയ പരിഭവമൊക്കെ തോന്നിയെങ്കിലും ,ആ ഉറച്ചനിലപാടുകളോട് ടീച്ചർക്ക് മതിപ്പായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |