തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും സി പി എമ്മിലും പകരം വയ്‌ക്കാനില്ലാത്ത നേതാവാണ് വി എസ് അച്ചുതാനന്ദൻ. ഇന്ത്യയിലെ തലമുതിർന്ന കമ്മ്യൂണിസ്‌റ്റായ വി എസ് സജീവമല്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നത്. വി എസിന്റെ ചിത്രം ഫ്ലക്‌സിൽ വയ്‌ക്കാനും തങ്ങൾക്ക് വേണ്ടി പ്രചാരണത്തിന് ഇറക്കാനും ഇടത് സ്ഥാനാർത്ഥികൾ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും കാണിച്ച ആവേശം കേരളത്തിൽ പരസ്യമായ രഹസ്യമാണ്.
പാർട്ടിയുടെ സ്റ്റാർ ക്യാമ്പയിനറായിരുന്ന വി എസ് ഭരണപരിഷ്‌ക്കാര കമ്മിഷൻ പദവി ഉൾപ്പടെ ഒഴിഞ്ഞ് പാർലമെന്ററി ഗോദയിൽ നിന്ന് മാറി നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ തട്ടകമായ മലമ്പുഴയിൽ ആര് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഒരിക്കൽ പോലും സി പി എം തോൽക്കാത്ത മണ്ഡലമാണ് മലമ്പുഴ. അതുകൊണ്ട് ഏറ്റവും ജനപ്രിയവരായവരെ തന്നെ പാർട്ടിക്ക് കളത്തിൽ ഇറക്കേണ്ടതുണ്ട്.
വി എസ് അച്ചുതാനന്ദൻ 2001 മുതൽ ഇവിടെ നിന്നാണ് മത്സരിക്കുന്നത്. അന്ന് മുതൽ മലമ്പുഴ കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന മണ്ഡലമാണ്. വി.എസിന് വേണ്ടി എല്ലാം വിഭാഗിയതയും മറന്ന് പ്രർത്തകർ ഇറങ്ങാറുമുണ്ട്. കഴിഞ്ഞ തവണ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായിരുന്ന വി എസ് ജോയിയെ ആണ് അച്യുതാനന്ദന് എതിരെ യു ഡി എഫ് കളത്തിലിറക്കിയത്. വി എസിന് ലഭിച്ചിരുന്ന ഭൂരിപക്ഷം സി പി എമ്മിന് ഇവിടെ ഇത്തവണ നേടാനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ ഇത്തവണ മലമ്പുഴയിൽ വേണ്ടയെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. ഇക്കാര്യം സംസ്ഥാന നേതാക്കളെ ജില്ലയിൽ നിന്നുളള സി.പി.എമ്മിലെ പ്രമുഖർ അറിയിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിൽ ആരെ നിർത്തണമെന്ന് വി.എസ് നിർദേശിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആറോളം സി.പി.എം നേതാക്കളുടെ പേരുകളാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥി ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്‌ണദാസ്, എം ബി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുളളത്. രാജേഷ് ജില്ലയിൽ ആകെ ജനപ്രിയനായ നേതാവാണ്.
പ്രാദേശിക തലത്തിലുളളവർ സ്ഥാനാർത്ഥികളായാൽ മതിയെന്ന തീരുമാനം വന്നാൽ രണ്ടുപേരുടെ പേരുകൾക്കാണ് മുൻതൂക്കം. ജില്ലാ കമ്മിറ്റി അംഗമായ പി.എ ഗോകുൽ ദാസ്, പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരുകളാണ് പ്രാദേശിക തലത്തിലെ ചർച്ചകളിലുളളത്. വി എസ് 27,412 വോട്ടിനാണ് മലമ്പുഴയിൽ നിന്ന് കഴിഞ്ഞ തവണ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബി ജെ പിയുടെ സി.കൃഷ്‌ണകുമാർ ആയിരുന്നു വന്നത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
പാലക്കാട് ബി ജെ പി കരുത്ത് വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മലമ്പുഴയിൽ കടുത്ത മത്സരം തന്നെ വി.എസിന്റെ അഭാവത്തിൽ സി.പി.എം നേരിടേണ്ടി വരും. ആദ്യമായി 2001ൽ വി.എസ് മലമ്പുഴയിൽ നിന്ന് 4703 വോട്ടിനാണ് വിജയിച്ചത്. സതീശൻ പാച്ചേനിയെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഇന്ന് പക്ഷേ കോൺഗ്രസ് തകർന്ന അവസ്ഥയിലാണ്. സി.പി.എമ്മിന്റെ മുഖ്യ എതിരാളി ബി ജെ പിയാവുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |