
കണ്ണൂർ: നാടിനെ നടുക്കിയ ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹി സ്വദേശികളായ പർവീൺ ബാനു(55), സക്കീന ഫാത്തിമ(32) എന്നിവരെ അറസ്റ്റ്‌ചെയ്തത്. ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മദ്ധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. കൂട്ടുപ്രതി അലി ഇപ്പോഴും ഒളിവിലാണ്.
2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ മെരടൻ കുഞ്ഞാമിനയെ (60) ക്രൂരമായി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നശേഷം പ്രതികൾ നാടുവിടുകയായിരുന്നു. രണ്ട് സ്ത്രീകളും ഒരു യുവാവും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായ പ്രതികൾ മംഗലാപുരം വഴി മഹാരാഷ്ട്രയിലേക്ക് കടന്നതായി മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി.
പ്രതികളെ തേടി എട്ട് സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെയും കർമസമിതിയുടെയും നേതൃത്വത്തിൽ ഏറെക്കാലം പ്രക്ഷോഭം നടന്നിരുന്നു.
പിടിയിലായത് കണ്ണിൽച്ചോരയില്ലാത്ത കൊടുംക്രിമിനലുകൾ
പ്രതികൾ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി നൂറോളം കവർച്ചകൾ നടത്തിയ കേസുകളിലെ പിടികിട്ടാപ്പുള്ളികളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഓരോ സ്ഥലത്തും ആസൂത്രിതമായാണ് സംഘം കവർച്ച നടത്തിയിരുന്നത്. പണവും സ്വർണവും ലക്ഷ്യമിട്ട് അതിക്രൂര കൊലപാതകം നടത്തുന്നതാണ് സംഘത്തിന്റെ രീതി. 2016ൽ കേരളത്തിലെത്തിയ സംഘം ജനുവരി,ഫെബ്രുവരി മാസങ്ങളിലായി ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിൽ വൻ കവർച്ചകൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
കുഞ്ഞാമിനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
വീടിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ കസേരയിൽ കെട്ടിയിട്ട നിലയിലാണ് കുഞ്ഞാമിനയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വയറിലും ശരീരത്തിലുമായി ആഴത്തിലുള്ള 19 മുറിവുകളുണ്ടായിരുന്നു. വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച നിലയിലായിരുന്നു. ഇരു കാൽമുട്ടുകളും തല്ലിത്തകർത്തിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ ആഭരണങ്ങൾ പ്രതികൾ കവർന്നെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |