തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാണെന്നും ധനകമ്മിയും റവന്യുകമ്മിയും കഴിഞ്ഞ നാലുവർഷവും കുറയ്ക്കാനായെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിയമസഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. പൊതുകടം ഇരട്ടിയായി വർദ്ധിക്കുന്നത് മുൻസർക്കാരുകളുടെ കാലത്തും ഉണ്ടായിട്ടുണ്ട്. കിഫ്ബിയിൽ കൂടുതൽ പദ്ധതികളേറ്റെടുക്കില്ല.നിലവിൽ 25000 കോടിയുടെ റോഡ്, പാലം വികസനം നടക്കുന്നുണ്ട്. നടപ്പ് ബഡ്ജറ്റിൽ 2600കോടിയുടെ പദ്ധതിയുമുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ കെ ഫോൺ പദ്ധതി വൻ കുതിപ്പാണ്. ഇതിന് അനുബന്ധമായി ഇന്റർനാഷണൽ ജോബ് പോർട്ടൽ വരും. ഇതിലൂടെ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും.
498 കോടിയുടെ അധിക ചെലവുൾപ്പെടെ 128375 കോടി രൂപയുടെ റവന്യൂ വരുമാനം, 145286 കോടിയുടെ ചെലവ്, 16911 കോടിയുടെ കമ്മി, 200 കോടി അധികവരുമാനം, 191കോടിയുടെ നികുതിയിളവുകൾ എന്നിവയടങ്ങുന്ന പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
21 നദികളുടെ ശുചീകരണം 12ഇന പദ്ധതിയിൽ ഉൾപ്പെടുത്തും
അങ്കണവാടി വർക്കർമാരുടെ പെൻഷൻ 2500 രൂപയായി ഉയർത്തും
2010ന് ശേഷം പ്രീ പ്രൈമറി സ്കൂളിൽ നിയമിച്ച 2267അദ്ധ്യാപകർക്കും 1907 ആയമാർക്കും 1000രൂപ വീതം നൽകും
സാമൂഹ്യക്ഷേമ പെൻഷന് പുറത്തുള്ള കാൻസർ രോഗികൾക്കുളള പെൻഷൻ പരിശോധിച്ച് ചികിത്സാസഹായം, കെയർടേക്കർ സഹായം എന്നിവ വിലയിരുത്തി പുതിയ മാർഗനിർദ്ദേശമിറക്കും.
ആചാരസ്ഥാനികൾ,കോലത്തിരിമാർ എന്നിവരുടെ വേതനവും പെൻഷനും പരിഷ്കരിക്കും
അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ക്ഷേമപദ്ധതികൾക്കായി 10കോടി രൂപ
ഖാദിമേഖലയ്ക്കുളള വിഹിതം 17 ൽ നിന്ന് 20 കോടിയാക്കി ഉയർത്തി
ക്ഷേമനിധി അംശാദായം, കുടിശിക എന്നിവയുടെ ആദ്യഗഡു ഇൗമാസം നൽകും
പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.
മഹാകവി അക്കിത്തത്തിന് കുമാരനല്ലൂരിൽ സ്മാരകം
വ്യാപാരി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പൊതുപെൻഷൻ എപ്പോഴൊക്കെ പരിഷ്കരിച്ചിട്ടുണ്ടോ അത് കുടിശികയടക്കം നൽകും.
തൃശ്ശൂർ പൂരം, പുലികളി എന്നിവയ്ക്ക് ടൂറിസം വകുപ്പ് വഴി ധനസഹായം
നാളികേര വികസന കോർപറേഷൻ, പ്ളാന്റേഷൻ കോർപറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ എന്നിവയ്ക്ക് സമഗ്ര പുനഃസംഘടന
പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാനം നിർമ്മിക്കാൻ എസ്റ്റിമേറ്റിന്റെ അൻപത് ശതമാനം
ഇ. ബാലാനന്ദൻ പഠനകേന്ദ്രം, നിള ഫെസ്റ്റ്, പൊന്നാനിയിലെ മഖും സ്മാരകം എന്നിവയ്ക്ക് 50ലക്ഷം വീതം ധനസഹായം
സോഷ്യൽ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്ക് ഒരുകോടി രൂപ
നാഷണൽ കോസ്റ്റൽ റോവിംഗ് അക്കാഡമി ആലപ്പുഴയിൽ
സ്പിന്നിംഗ് മില്ലുകളിൽ പുരപ്പുറ സൗരോർജ പ്ളാന്റുകൾ
ആംനസ്റ്റി ഒാരോ വർഷവും പ്രത്യേകമായി സ്വീകരിക്കാൻ അനുവദിക്കും
2004 ലെ വാറ്റ് കുടിശിക പ്രത്യേകമായി അടയ്ക്കാം
2005 മുതലുള്ള വാറ്റ് കുടിശികയ്ക്ക് ഇൗവർഷം ആംനസ്റ്റി
ടൂറിസ്റ്റ് കാബുകളുടെ നികുതി കുടിശിക പത്തു തവണകളായി അടയ്ക്കാം
പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം ഇൗ വർഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |