മഞ്ജുവാര്യർ അഭിനയിച്ച വേഷം പുനരവതരിപ്പിക്കാൻ നയൻതാര. ലൂസിഫറിൽ മഞ്ജു അവതരിപ്പിച്ച വേഷമാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നയൻസ് അവതരിപ്പിക്കുന്നത്.
പ്രിയാമണിയെയും രമ്യാകൃഷ്ണനെയും നേരത്തെ ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ നയൻതാരയെ ഫിക്സ് ചെയ്യുകയായിരുന്നു.
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിൽ നിന്ന് തെലുങ്ക് പതിപ്പിൽ കാതലായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് സൂചന.
ചിരഞ്ജീവിയാണ് മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച നായക വേഷം തെലുങ്കിൽ ചെയ്യുന്നത്.
സയ്‌റ നരസിംഹറെഡ്‌ഢി എന്ന ചിത്രത്തിലാണ് ചിരഞ്ജീവിയും നയൻതാരയും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്. ചിത്രത്തിൽ ജോടികളായഭിനയിച്ച ചിരഞ്ജീവിയും നയൻതാരയും ലൂസിഫർ റീമേക്കിൽ സഹോദരങ്ങളായാണ് അഭിനയിക്കുന്നത്.
തെലുങ്കിൽ നിന്ന് തമിഴിലേക്ക് ജയം, സംതിംഗ് സംതിംഗ് ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, എം. കുമാരൻ സൺ ഒഫ് മഹാലക്ഷ്മി തുടങ്ങിയ നിരവധി ഹിറ്റുകളൊരുക്കിയ മോഹൻ രാജയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ ഇതിന് മുൻപ് ഹനുമാൻ ജംഗ്‌ഷൻ
എന്ന ചിത്രം മോഹൻരാജ സംവിധാനം ചെയ്തിട്ടുണ്ട്.
ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കർണാടകയിലാണ് ചിരഞ്ജീവി.
മാർച്ചിലാണ് തെലുങ്ക് ലൂസിഫറിന്റെ ചിത്രീകരണമാരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |