
ഹസൻ ഹാദിയ സംവിധാനം ചെയ്ത് 2025ൽ പുറത്തിറങ്ങിയ പേർഷ്യൻ- അറബ് ചിത്രമായ 'ദി പ്രസിഡന്റ്സ് കേക്ക്' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഫെസ്റ്റിവൽ ഫേവറിറ്റ് വിഭാഗത്തിൽ മികച്ച പ്രതികരണങ്ങളാണ് നേടിയത്. കുട്ടികളെ കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ട എന്നാൽ മുതിർന്നവരെ അസ്വസ്ഥരാക്കുന്ന ഒരു വിഭാഗം സിനിമകളുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് ഹസൻ ഹാദിയയുടെ 'ദി പ്രസിഡന്റ്സ് കേക്ക്. യുദ്ധത്തിന്റെ ഭീകരതയെ ഒമ്പതു വയസുകാരിയുടെ കണ്ണിലൂടെയാണ് സിനിമ തുറന്നുകാണിക്കുന്നത്.
ഗൾഫ് യുദ്ധകാലത്തെ ഇറാഖിലാണ് കഥ നടക്കുന്നത്. സദ്ദാം ഹുസൈന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒമ്പതു വയസുകാരിയായ ലാമിയയ്ക്കാണ് കേക്ക് തയ്യാറാക്കാനുള്ള ചുമതല സ്‌കൂളിൽ നിന്നും ലഭിക്കുന്നത്. ഉപരോധങ്ങളും പട്ടിണിയും പടർന്നുപിടിച്ച ഇറാഖിൽ കേക്കിനുള്ള ചേരുവകൾ കണ്ടെത്തുക അസാധ്യമായ ദൗത്യമാണ്.
കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ ലാമിയ മുത്തശ്ശിക്കൊപ്പം നഗരത്തിലേക്ക് പോകുന്നു. കേക്ക് നിർമ്മാണത്തിനുള്ള സാധനങ്ങൾ തേടുന്നതിലാണ് ലാമിയ ശ്രദ്ധിച്ചതെങ്കിൽ മുത്തശ്ശി ബീബിക്ക് ഈ യാത്രയിൽ മറ്റൊരു ലക്ഷ്യമാണുണ്ടായിരുന്നത്. കടുത്ത ദാരിദ്ര്യവും പ്രായാധിക്യവും കാരണം ലാമിയയെ വളർത്താൻ കഴിയാത്തതിനാൽ, അവളെ മറ്റൊരു കുടുംബത്തിന് കൈമാറാനാണ് അവർ നഗരത്തിലെത്തുന്നത്. 'കേക്കിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കണ്ട, തൽക്കാലം അവർക്കൊപ്പം പോകൂ' എന്ന് മുത്തശ്ശി പറയുമ്പോൾ ലാമിയയ്ക്ക് അത് അംഗീകരിക്കാനായില്ല.
തുടർന്ന് മുത്തശ്ശിയുടെ കണ്ണുവെട്ടിച്ച് ലാമിയ അവിടെനിന്നും ഓടിപ്പോകുന്നു. ഇരുവരും രണ്ടു വഴിയിലാകുതോടെയാണ് സിനിമയുടെ യഥാർത്ഥ കഥ തുടങ്ങുന്നത്. പിന്നീട് കേക്കിന് ആവശ്യമുള്ള മാവ്, പഞ്ചസാര, മുട്ട എന്നിവ തേടി ലാമിയയും വഴിയിൽ വച്ച് കണ്ടുമുട്ടിയ അവളുടെ സുഹൃത്ത് സയീദും നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

വിഖ്യാത സംവിധായകൻ അബ്ബാസ് കിയാരോസ്താമിയുടെ പ്രശസ്തമായ 'വേർ ഈസ് ദി ഫ്രണ്ട്സ് ഹൗസ്' എന്ന സിനിമയെ ഓർമ്മിപ്പിക്കും വിധമാണ് പ്രസിഡന്റ് കേക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു സ്‌കൂൾ അസൈൻമെന്റ് എങ്ങനെ ജീവൻമരണ പോരാട്ടമായി മാറുന്നു എന്ന് സംവിധായകൻ പ്രേക്ഷകന് മനോഹരമായി കാണിച്ചുതരുന്നു. ലാമിയയായി അഭിനയിച്ച ബനീൻ അഹമ്മദ് നയേഫ് എന്ന കൊച്ചു മിടുക്കി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സിനിമയിലുടനീളം കാഴ്ചവച്ചിരിക്കുന്നത്.
സ്വന്തം ജനത പട്ടിണി കിടക്കുമ്പോൾ ആഡംബര പൂർവ്വം ജന്മദിനം ആഘോഷിക്കുന്ന സ്വേച്ഛാധിപതിക്ക് കീഴിലുള്ള ഭരണകൂടത്തെ ചിത്രം നിശബ്ദമായി വിമർശിക്കുന്നു. മനുഷ്യൻ ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളിലൂടെ കുട്ടികൾ കടന്നുപോകേണ്ടി വരുന്നത് ഏതൊരു കാലത്തും വിഷമിപ്പിക്കുന്ന കാഴ്ചയാണ്. 'ദി പ്രസിഡന്റ്സ് കേക്ക്' വെറുമൊരു സിനിമയല്ല, മറിച്ച് യുദ്ധം തകർത്ത ജനതയുടെ നേർസാക്ഷ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |