തിരുവനന്തപുരം: പതിനായിരത്തോളം മലയാളി വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കി ചൈന. കൊവിഡിനെ തുടർന്ന് ചൈനയിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥികളാണ് ചൈനയിലേക്ക് തിരിച്ചുപോകാനോ ക്ളാസുകളിൽ പങ്കെടുക്കാനോ കഴിയാതെ പ്രതിസന്ധിയിലായത്. വിദേശവിദ്യാർത്ഥികളുടെ പ്രവേശന വിലക്ക് ചൈന നീക്കാത്തതാണ് ഇതിന് കാരണം.
നിരവധി മലയാളികളാണ് എം ബി ബിഎസിനൊപ്പം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾക്കുമായി ചൈനീസ് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നത്. കൊവിഡ് പടർന്നുപിടിച്ചതോടെ കഴിഞ്ഞവർഷം ജനുവരി മുതലാണ് യൂണിവേഴ്‌സിറ്റികൾ മുൻകൈയെടുത്ത് വിദ്യാർത്ഥികളെ നാട്ടിലേക്കെത്തിച്ചത്.
ചൈന സാധാരണനിലയിലേക്ക് എത്തിയതോടെ തങ്ങളെ തിരികെ കോളേജിലെത്തിക്കണമെന്ന് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികളോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളുടെ ഈ ആവശ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പലതവണ ആവശ്യപ്പെട്ടെങ്കിലും സ്ഥിതി ഇതുതന്നെ. ഇന്ത്യൻ എംബസി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർക്ക് മുമ്പിൽ ഒട്ടേറെ തവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
അധികൃതരുടെ നടപടിമൂലം ഏറെ വിഷമിക്കുന്നത് അവസാനവർഷ വിദ്യാർത്ഥികളാണ്. വാർഷിക ഫീസായ മൂന്നേകാൽ ലക്ഷം രൂപ അടച്ചാണ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മിഷൻ ഓൺലൈൻ വഴിയുള്ള പരീക്ഷകൾ അംഗീകരിച്ചിട്ടില്ല. ഇതാണ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.കോഴ്സ് വിജയകരമായി പൂർത്തിയാക്കണമെങ്കിൽ യൂണിവേഴ്‌സിറ്റികളിലേക്ക് മടങ്ങിയെത്തിയാൽ മാത്രമേ പറ്റൂ എന്നാണ് അവസ്ഥ. ഏജൻസികൾ വഴിയാണ് പലരും ചൈനയിൽ സീറ്റ് തരപ്പെടുത്തിയത്. എന്നാൽ ഏജൻസികൾ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നി ല്ലെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നത്.പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ബാങ്ക് ലോണെടെത്തും ലക്ഷങ്ങൾ കടംവാങ്ങിയുമാണ് പലരും പഠനത്തിനുളള വഴി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |