കൊച്ചി: കെ എസ് ആർ ടി സിയിൽ 100കോടിയുടെ അഴിമതി നടന്നുവെന്ന സി എം ഡി ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇക്കാര്യങ്ങൾ പൊതുതാത്പര്യഹർജികളായി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഓഡിറ്റിലെ കണ്ടെത്തലുകൾ ഗൗരവമുളളതാണ്. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാൻ ഡി ജി പിയ്ക്ക് നിർദ്ദേശം നൽകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
കെ എസ് ആർ ടി.സിയിൽ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങൾക്കു മുന്നിലാണ് ചെയർമാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകർ തുറന്നടിച്ചത്. കെ ടി ഡി എഫ് സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതൽ ടിക്കറ്റ് മെഷീനിൽ ജീവനക്കാരൻ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കെ.എസ്.ആർ.ടി.സിക്ക് നൽകിയ വായ്പയിൽ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ ടി ഡി എഫ് സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനിൽകുമാർ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.
ക്രമക്കേട് കണ്ടെത്തിയതോടെ നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെൻട്രൽ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |