തിരുവനന്തപുരം: വാഹനങ്ങളിൽ കാഴ്‌ച മറയ്‌ക്കുന്ന രീതിയിലുളള കൂളിംഗ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ സ്‌ക്രീൻ' എന്ന പേരിൽ ആരംഭിച്ച പരിശോധന നിറുത്തിയത് ഉന്നതതലത്തിലെ സമ്മർദ്ദം മൂലമെന്ന് സൂചന. വാട്സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണർ പരിശോധന നിറുത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുളളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് വിശദീകരണം.
അഞ്ചു ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. എന്നാൽ, ചില ഐ എ എസ് ഉദ്യോഗസ്ഥർ മോട്ടോർ വാഹന നിയമം ലംഘിച്ച് ഇപ്പോഴും കാറുകളിൽ കർട്ടൻ ഉപയോഗിക്കുന്നുണ്ട്. ഇത്തക്കാരുടെ പേര് വിവരം ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയിട്ടുണ്ട്. നടപടിയെടുക്കേണ്ടന്നും ഇന്ന് മുതൽ മറ്റ് ഗാതഗത നിയമ ലംഘനം പരിശോധിച്ചാൽ മതിയെന്നുമാണ് നിർദേശം. ഇന്നു റോഡ് സുരക്ഷാ മാസാചരണവും ആരംഭിക്കും. കൂളിംഗ് ഫിലിമും കർട്ടനും ഉപയോഗിച്ചതിന്റെ പേരിൽ പിഴയിനത്തിൽ 62,50,000 രൂപയാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത്.
ഞായറാഴ്‌ച മുതൽ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധനകൾ നടന്നത്. തടഞ്ഞുനിറുത്തിയും ക്യാമറ വഴിയും നടത്തിയ പരിശോധനകളിൽ നൂറുകണക്കിന് വാഹനങ്ങൾക്കാണ് ഇ-ചെലാൻ വഴി പിഴ നോട്ടീസ് അടച്ചത്. ഇസഡ് കാറ്റഗറി ഒഴികെയുള്ള വാഹനങ്ങൾക്കെല്ലാം നടപടി നേരിടേണ്ടിവന്നു. മന്ത്രിമാരുടെയും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് കർട്ടനുകൾ നീക്കേണ്ടിയുംവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |