എഴുകോൺ : തമിഴ്നാട് ചെന്നൈ സരോജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന യമഹ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിപ്ര കുളത്തൂർ സ്വദേശി ഉള്ളൂർ വില്ലേജിൽ മെഡിക്കൽ കോളേജ് കൊച്ചുള്ളൂർ റോഡ് ഗാർഡൻസ് എന്ന സ്ഥലത്ത് ചന്തവിളവീട്ടിൽ ഹൗസ് നമ്പർ 3 ൽ വാടകയ്ക്ക് താമസിക്കുന്ന അഭിറാം (23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് പാറവിള വീട്ടിൽ സൽമാൻ .എസ് .ഹുസൈൻ (18) നെടുവത്തൂർ വില്ലേജിൽ ഈഴക്കാല ജംഗ്ഷൻ പള്ളത്ത് വീട്ടിൽ അഭിഷന്ത് (24) എന്നിവരാണ് അറസ്റ്റിലായത്. എഴുകോൺ പൊലീസിന്റെ വാഹന പരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ടതിനെ തുടർന്ന് കസ്റ്റഡയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ എൻജിൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അഭിരാം മോഷ്ടിച്ച ബൈക്ക് സൽമാനും സൽമാൻ അഭിഷന്തിനും കൈമാറുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.