തിരുവനന്തപുരം: പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകളിൽ കുറ്റപത്രം നൽകുന്നത് ഡി.ഐ.ജിയുടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കും ശേഷം മതിയെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതാണ് രീതി. എസ്.പിമാരുടെ പരിശോധനയ്ക്ക് ശേഷം റേഞ്ച് ഡി.ഐ.ജിക്ക് കുറ്റപത്രം കൈമാറും. കുറ്റപത്രത്തിൽ അപാകതയുണ്ടെങ്കിൽ അതു പരിഹരിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കൂ. പോക്സോ കേസുകളിലും സമാനരീതിയാണുള്ളത്.
പട്ടികവിഭാഗങ്ങൾക്കെതിരായ കേസുകളുടെ അവലോകനം അഡി.എസ്.പിയുടെ നേതൃത്വത്തിൽ നടത്തി റിപ്പോർട്ട് എസ്.പിക്ക് കൈമാറണം. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
അതിക്രമങ്ങൾ പട്ടികജാതി, പട്ടികവർഗ അതിക്രമ (നിരോധന) നിയമത്തിനു കീഴിൽ വരുന്നതാണ് എന്നു പ്രഥമദൃഷ്ട്യാ ബോദ്ധ്യമായാൽ കേസ് രജിസ്റ്റർ ചെയ്യണം.
പരാതിക്കാർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ അവരെ അറിയിക്കണം. പരാതിക്കാർക്കാവശ്യമായ നിയമസഹായത്തിന് ലീഗൽ സർവീസസ് അതോറിട്ടിയുടെ സഹായം തേടാം. സ്ഥലമഹസർ തയാറാക്കൽ, തെളിവു ശേഖരണം എന്നിവയ്ക്ക് ഫോറൻസിക് വിദഗ്ദ്ധന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |