കാശ്‌മീർ: തടസ്സമുളള റോഡ് തുറന്നുകൊടുക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന സൈനികർക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കാശ്‌മീരിലെ കുൽഗാം ജില്ലയിലെ ഷംസിപുരയിലെ പ്രധാനപാതയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരുന്ന സൈനികർക്ക് നേരെ 10.15ഓടെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക വക്‌താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു. ഗുരുതര പരിക്കേറ്റ സൈനികരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം സൈന്യത്തിന്റെ കീഴിലുളള 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഗ്രനേഡ് ആക്രമണമാണെന്ന് കുൽഗാം പൊലീസ് അറിയിച്ചു. എന്നാൽ ഭീകരർ സൈനികർക്കു നേരെ വെടിയുതിർത്തതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ചില ഗ്രാമീണർ അറിയിച്ചു. പക്ഷെ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.