തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും കാരുണ്യത്തിനും വേണ്ടി സർക്കാർ കൈക്കൊണ്ട നടപടികളെയാകെ അട്ടമറിക്കാനുള്ള വിനാശത്തിന്റെ കാര്യപരിപാടിയുമായാണ് കേരളത്തിലെ പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കുറ്റപ്പെടുത്തി. ലൈഫ് മിഷനും കെ. ഫോണിനുമെതിരെ രംഗത്തുവന്ന പ്രതിപക്ഷം ഒടുവിൽ പറയുന്നത്, അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്നാണ്. എസ്.ബി.ടി എസ്.ബി.ഐയിൽ ലയിച്ചതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് ഇല്ലാതായി. കേരളത്തിലെ ജനങ്ങളുടെ നിക്ഷേപം ഈ നാടിന്റെ വികസനത്തിനായി വിനിയോഗിക്കപ്പെടണമെങ്കിൽ, നാടിനോട് വൈകാരികബന്ധമുള്ള സമ്പൂർണസജ്ജമായ ബാങ്ക് അനിവാര്യമാണ്. ജില്ലാസഹകരണബാങ്കുകളെ ഏകോപിപ്പിച്ച് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് യാഥാർത്ഥ്യമാക്കിയതിനു പിന്നിൽ ആസൂത്രിതമായ അധ്വാനമുണ്ട്. തങ്ങൾക്ക് സ്വാധീനമുളള മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ചേർക്കാതെ യു.ഡി.എഫ് ഇതിന് തടസ്സം നിന്നു. നിയമ നടപടികൾ സ്വീകരിച്ചു. എല്ലാ കടമ്പകളും കടന്നാണ് കേരള ബാങ്ക് യാഥാർത്ഥ്യമായതെന്ന് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റിൽ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |