കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 'കൊച്ചി എഡിഷൻ' ഉദ്ഘാടനച്ചടങ്ങിലേക്ക് വൈകിയെത്തിയ ക്ഷണം ദേശീയ അവാർഡ് ജേതാവ് നടൻ സലിംകുമാർ നിരസിച്ചു. 50 വയസ് കഴിഞ്ഞെന്ന പേരിൽ ഒഴിവാക്കിയതിനെതിരെ പ്രതികരിച്ചതോടെയാണ് ഇന്ന് കൊച്ചിയിൽ നടക്കുന്ന തിരിതെളിക്കൽ ചടങ്ങിലേക്ക് ഇന്നലെ സലിംകുമാറിനെ ക്ഷണിച്ചത്.വൈകിട്ട് ആറിന് സരിത തിയേറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അവാർഡ് ജേതാക്കളായ 25 പേർ ചേർന്നാണ് ദീപം തെളിക്കുന്നത്. ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ സലിംകുമാറിനെ ഇതിലേക്കു ക്ഷണിച്ചിരുന്നില്ല. തുടർന്നാണ് സംഘാടകസമിതി അംഗമായ സംവിധായകൻ സോഹൻലാലിനെ സലിംകുമാർ വിളിച്ചത്. 50 വയസ് കഴിഞ്ഞതുകൊണ്ടാണ് ഉൾപ്പെടുത്താത്തതെന്നായിരുന്നു മറുപടി. തന്റെ ഒപ്പം മഹാരാജാസ് കോളേജിൽ പഠിച്ചവരുണ്ടല്ലോയെന്ന് സലിംകുമാർ പ്രതികരിച്ചു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയാണ് പിന്നീട് ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ച
തെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ''ഞാനൊരു കോൺഗ്രസുകാരനാണ്. രാഷ്ട്രീയതാത്പര്യത്തിലാണ് ഒഴിവാക്കിയത്. അതു മറയ്ക്കാനാണ് പ്രായം പറഞ്ഞത്. സി.പി.എം മേളയാണ് നടക്കുന്നത്. അതിനു ചേരുന്നവരെയാണ് വിളിച്ചത്. എന്നെ മാറ്റിനിറുത്തുന്നതിൽ ആരൊക്കെയോ വിജയിച്ചു. ഏതായാലും ചടങ്ങിൽ പങ്കെടുക്കില്ല.''- സലിംകുമാർ പറഞ്ഞു.
രാഷ്ട്രീയമായി അവഗണിക്കില്ല
സലിംകുമാറിനെ അവഗണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. അദ്ദേഹത്തിന് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ മടിയില്ല. സലിംകുമാറിനോട് നേരിട്ട് സംസാരിക്കാൻ തയ്യാറാണ്. മേളയിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയമാണെന്ന് അദ്ദേഹത്തെക്കൊണ്ട് മറ്റാരെങ്കിലും പറയിപ്പിച്ചതാകും.
അവാർഡ് നേടിയവരെ തിരിതെളിക്കാൻ ക്ഷണിച്ചത് പ്രാദേശിക സംഘാടക സമിതിയാണ്. യുവതലമുറ ദീപം ഏറ്റെടുക്കുന്ന സങ്കല്പത്തിലാണ്ചടങ്ങെന്നും കമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |