മക്കളുടെ കൂടുതൽ ഉത്സാഹത്തിൽ അഭിമാനം തോന്നുന്നവർ അറിയേണ്ട ഒരു കാര്യമുണ്ട്. കുട്ടികളിൽ ഏകാഗ്രത കുറയുകയും അതേ സമയം മറ്റു കുട്ടികൾക്കില്ലാത്ത അമിത ഉത്സാഹം കാണിക്കുകയും ചെയ്യുകയാണെങ്കിൽ അവരെ കൃത്യമായി വിലയിരുത്തണം. കാരണം അമിത ചുറുചുറുക്ക് അഥവാ(Attention Deficit Hyperactivity Disorder-ADHD) എന്ന സ്വഭാവവൈകല്യത്തിന്റെ പിടിയിലാകാം അവർ.
രോഗാവസ്ഥ പലവിധം
ഈ പ്രത്യേക രോഗാവസ്ഥയെ ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. മിക്ക കുട്ടികളിലും ചിലപ്പോൾ പ്രായപൂർത്തിയായവരിൽപ്പോലും ഇത്തരം അവസ്ഥ കാണപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം. തുടർച്ചയായി മൂന്നുമാസത്തിലേറെ ഇത്തരം രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു മനോരോഗവിദഗ്ദ്ധനെ കണ്ട് രോഗനിർണയം നടത്തേണ്ടതും ആവശ്യമാണ്. മനോരോഗ വിദഗ്ദ്ധൻ എന്നതു കേട്ട് ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. ഒരിക്കലും കുട്ടികളുടെ തെറ്റു കൊണ്ടു വരുന്നതല്ല രോഗമെന്നും ജീവിതസാഹചര്യങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനുണ്ടാകുമെന്നും രക്ഷിതാക്കൾ തിരിച്ചറിയണം.
അമിത ചുറുചുറുക്ക്
. ശാന്തനായി ഇരിക്കുവാൻ പറഞ്ഞാൽ വളരെയധികം അസ്വസ്ഥനായി കാണപ്പെടുക.
. ക്ലാസ് മുറികൾ പോലുള്ള സ്ഥലങ്ങളിൽ ദീർഘനേരം ഇരിക്കുവാൻ സാധിക്കാതെ എണീറ്റു നടക്കുക.
. കളികൾക്കിടെ അമിതമായി ഓടുകയും ചാടുകയും വീട്ടുപകരണങ്ങളിൽ കയറുകയും ചെയ്യുക.
. ഒഴിവു സമയങ്ങളിൽ അടങ്ങിയിരുന്നു ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
. അമിതമായ സംസാരം
എടുത്തുചാട്ടം
. ഏതെങ്കിലും ഒരു കാര്യം ചോദിച്ചു തീരുന്നതിന് മുമ്പ് ചാടിക്കയറി മറുപടി പറയുക.
. തന്റെ ഊഴത്തിനായി കാത്തുനിൽക്കുന്നതിനുള്ള ക്ഷമ കാണിക്കാതിരിക്കുക.
. മറ്റുള്ളവർ സംസാരിക്കുന്നതിനെ ഇടയിൽ കയറി തടസപ്പെടുത്തുക.
ചികിത്സാ വഴികൾ
എ.ഡി.എച്ച്.ഡി ഒരു പരിധിവരെ മരുന്ന് കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെങ്കിലും കൗൺസലിംഗ്, ഒക്യുപേഷണൽ തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം നൽകൽ തുടങ്ങിയ മറ്റു ചില ഘട്ടങ്ങളുമുണ്ട്. എതിർപ്പോടുകൂടിയ പെരുമാറ്റം, അമിതദേഷ്യം, പഠന വൈകല്യങ്ങൾ, ഉത്കണ്ഠ എന്നിവയ്ക്കും മനഃശാസ്ത്രപരമായ ചികിത്സ വേണ്ടിവന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |