ആത്മാർത്ഥസുഹൃത്തുക്കളും അയൽവാസികളുമായ ഒരദ്ധ്യാപകന്റെയും ബാങ്ക് ഓഫീസറുടെയും കഥയാണിത്. ഇരുവരുടെയും വീടിന്റെ മുറ്റത്ത് മനോഹരമായ പൂന്തോട്ടമുണ്ടായിരുന്നു. പുതിയ ചെടികൾ എവിടെക്കണ്ടാലും അതുവാങ്ങി തങ്ങളുടെ പൂന്തോട്ടത്തിൽ നട്ടുവളർത്തുന്നത് ഇരുവരുടെയും ഹോബി ആയിരുന്നുതാനും.
ഒരിക്കൽ അതീവഭംഗിയുള്ള കുറേ ചെടികൾ അവർക്ക് കിട്ടി. രണ്ടുപേരും തങ്ങളുടെ മലർവാടിയിൽ അത് നടുകയും ചെയ്തു. ചെടി നട്ടെങ്കിലും അതിന് അത്യധികം ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നില്ല ടീച്ചർ. ഇടയ്ക്കിടെ കുറേ വെള്ളമൊഴിച്ചു കൊടുക്കും. വല്ലപ്പോഴും ഇത്തിരി വളമിടും. അത്രതന്നെ. എന്നാൽ ബാങ്ക് ഓഫീസറാകട്ടെ സദാസമയവും ചെടിയുടെ പരിചരണത്തിൽ ആയിരിക്കും. അവയ്ക്ക് കൃത്യസമയത്ത് വെള്ളവും വളവും മറ്റു പോഷകങ്ങളും നൽകാനും കളകളെയും കീടങ്ങളെയും തുരത്താനും അയാൾ ജാഗരൂകനായിരുന്നു. കാർഷികരംഗത്തുണ്ടായ ആധുനിക സാങ്കേതികവിദ്യയൊക്കെ തന്റെ പൂന്തോട്ടത്തിന്റെ ലാവണ്യത്തിന് വേണ്ടി അദ്ദേഹം പ്രയോഗിച്ചു.
അദ്ധ്യാപകന്റെ ചെടികൾ വളർന്നുവെങ്കിലും അതിന്റെ ഇലച്ചാർത്തുകൾ ആകർഷണീയമായിരുന്നില്ല. ശാഖകൾ ദുർബലമായി തോന്നി. വേണ്ടത്ര ആക്കത്തിൽ വളർന്നുമില്ല. എന്നാൽ ബാങ്ക് ഓഫീസറുടെ ചെടികൾ ആർത്തുലച്ചുവളർന്നു. അയാളുടെ പൂന്തോട്ടത്തിന് പുതിയ പരിവേഷം നൽകി. ഒരു ചെറിയ നിബിഡവനം പോലെ ആ പൂന്തോട്ടം മാറി. അയാൾക്ക് തന്റെ ആ പൂങ്കാവനത്തെക്കുറിച്ചും പുതുതായി വളർന്നുവന്ന ആരോഗ്യമുള്ള ചെടികളെക്കുറിച്ചും അഭിമാനം തോന്നി.
കുറേ ദിവസം കഴിഞ്ഞപ്പോൾ ആ പ്രദേശത്ത് ഒരു ചുഴലിക്കാറ്റടിച്ചു. നാടുമുഴുവൻ വൻനാശനഷ്ടങ്ങളാണ് ഉണ്ടായത്. അതോടൊപ്പം പെയ്തമഴയിൽ വീടുകളും മരങ്ങളുമൊക്കെ ഒലിച്ചുപോയി. കടപുഴകിവീണ മരങ്ങൾ റോഡുകളിൽ തടസമുണ്ടാക്കി. രാത്രിയിലെപ്പോഴോ കാറ്റ് നിലച്ചു. പ്രകൃതി ശാന്തമായി.
അതിരാവിലെ ബാങ്ക് ഓഫീസർ തന്റെ ലാവണ്യപുഷ്പങ്ങളുടെ തോട്ടത്തിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയി. പൂന്തോട്ടം തകർന്നു കിടക്കുന്നു. പുതിയതായി നട്ടുവളർത്തിയ കരുത്തു തോന്നിച്ച ചെടികൾ മൂടോടെ പിഴുതു കിടക്കുന്നു. ആ കാഴ്ചയിൽ അയാളുടെ ഹൃദയം തകർന്നുപോയി. സദാ പരിപാലിച്ച്, വേണ്ടതെല്ലാം വേണ്ടപോലെ കൊടുത്ത ആ ചെടികൾ ഇത്ര പെട്ടെന്ന് തകർന്നുപോകുമെന്ന് കരുതിയില്ല.
സുഹൃത്തായ ബാങ്ക് ഓഫീസറുടെ തോട്ടത്തിൽ എന്താണം സംഭവിച്ചതെന്നറിയാൻ അയാൾ അവിടെ ചെന്നു. അത്ഭുതമെന്നു പറയട്ടെ. ആ തോട്ടത്തിലെ ചെടികൾക്ക് കാര്യമായ നാശം സംഭവിച്ചിട്ടില്ല. പുതിയതായി വളർത്തിയ ചെടികൾ കാറ്റിൽപ്പെട്ട് ഉലഞ്ഞിട്ടുണ്ടെങ്കിലും ഒന്നും പിഴുതു വീണിട്ടില്ല. എന്താണിതിന്റെ രഹസ്യമെന്നറിയാൻ അയാൾ ബാങ്ക് ഓഫീസറായ സുഹൃത്തിന്റെ വീട്ടിലേക്ക് ചെന്നു.
നമ്മൾ രണ്ടുപേരും ഒരേയിനത്തിൽ പെട്ട ചെടികൾ ഒരേ ദിവസമല്ലേ പൂന്തോട്ടത്തിൽ വളർത്താൻ തുടങ്ങിയത്. താങ്കൾ ചെടികളെ പരിപാലിക്കുന്നതിനേക്കാൾ ഏറെ ശ്രദ്ധയോടെ ഞാൻ എന്റെ ചെടികളെ പരിപാലിച്ചിരുന്നു എന്നറിയാമല്ലോ? കൂടുതൽ വെള്ളം, കൂടുതൽ വളം, കൂടുതൽ ശ്രദ്ധ എന്നിവയുണ്ടായിട്ടും എന്റെ ചെടികളൊക്കെ ഇന്നലത്തെ കൊടുംകാറ്റിൽ പിഴുതുപോയി. പക്ഷേ, കാര്യമായ പരിചരണം കിട്ടാത്ത താങ്കളുടെ ചെടികൾ കാറ്റിനെ അതിജീവിച്ചു. ഇതിന്റെ രഹസ്യമെന്താണ്?
ആ അദ്ധ്യാപകസുഹൃത്ത് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഇതിൽ രഹസ്യമൊന്നുമില്ല. താങ്കൾ ചെടികൾക്ക് കൂടുതൽ വെള്ളവും പോഷകങ്ങളും ശ്രദ്ധയും കൊടുത്തു. അവയ്ക്ക് ആവശ്യമുള്ളതിൽ കൂടുതൽ ആവശ്യം അറിഞ്ഞ് കൊടുത്തുകൊണ്ടേയിരുന്നു. അതിനായി ചെടികൾക്ക് യാതൊരു ആയാസവും വേണ്ടിവന്നില്ല.
എന്നാൽ ഞാൻ എന്റെ ചെടികളെ അങ്ങനെയല്ല പരിപാലിച്ചത്. അത്യാവശ്യത്തിനുമാത്രം ജലം കൊടുത്തു. അതുകൊണ്ട് കൂടുതൽ വെള്ളം ആവശ്യമായി വന്നപ്പോൾ അതിന്റെ വേരുകൾ ജലം തേടി ചുറ്റുപാടിലേക്ക് വ്യാപിച്ചു. ആഴത്തിൽ പോയി ജലം അന്വേഷിച്ചു. അങ്ങനെ വിരളമായ ജലം അന്വേഷിച്ചുള്ള യാത്ര കൊണ്ട് വേരുകൾ കൂടുതൽ ശക്തമായി. മണ്ണിന്റെ അടിയിലേക്ക് കൂടുതൽ സഞ്ചരിച്ചതിനാൽ വേരുകളുടെ വ്യാപ്തിയും വർദ്ധിച്ചു. അങ്ങനെ ശക്തമായ അടിവേരുകൾ ഉള്ളതിനാൽ ഈ ചെടികൾക്ക് കാറ്റിനെ അതിജീവിക്കാൻ കഴിഞ്ഞു. താങ്കൾ ആവശ്യത്തിലധികം വെള്ളവും വളവും നൽകിയതിനാൽ വേരുകൾക്ക് അധ്വാനിക്കേണ്ടിവന്നില്ല. അങ്ങനെ അവ ദുർബലമായി തീർന്നു.
കുട്ടികളെ അമിതമായി പരിലാളിക്കുന്നവർക്ക് ഈ കഥയിൽ ഒരു ഗുണപാഠമുണ്ട്. ചോക്ലേറ്റ് സന്തതികളായി, യാതൊരു അല്ലലും അറിയിക്കാതെ കുട്ടികളെ വളർത്തുന്നവർ അവരുടെ നൈസർഗ്ഗിക ശേഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വയം പര്യാപ്തത ഉണ്ടാകാനും പ്രതിബന്ധങ്ങളെ നേരിടാനും അവർക്ക് ശക്തി ഉണ്ടാകണമെങ്കിൽ അധ്വാനത്തിന്റെയും ക്രിയാത്മക കർമ്മത്തിന്റെയും മേഖലയിലൂടെ അവരെ നയിക്കണം. അങ്ങനെ അടിത്തറ ശക്തമായെങ്കിലേ വിജയപാത നിർമ്മിക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |