തിരുവനന്തപുരം: എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്ന് തലസ്ഥാനത്ത് പ്രവേശിക്കുമെന്ന് സി.പി.എം നേതാവ് വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്'എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ പര്യടനം നടത്തുന്നത്. സംസ്ഥാനത്ത് പര്യടനം നടത്തുന്ന രണ്ടു മേഖലാ ജാഥകളിൽ ബിനോയ് വിശ്വം നേതൃത്വം നൽകുന്ന ജാഥയാണ് തിരുവനന്തപുരത്തെത്തുന്നത്.
ഇന്ന് വൈകിട്ട് 4ന് വർക്കലയിലും 5ന് ചിറയിൻകീഴിലും 6ന് കിളിമാനൂരിലും സ്വീകരണത്തിന് ശേഷമുള്ള സമാപനയോഗത്തോടെ ഇന്നത്തെ പര്യടനം അവസാനിക്കും. നാളെ രാവിലെ 10ന് ശ്രീകാര്യം,11ന് കല്ലറ, 4ന് നെടുമങ്ങാട്, 5ന് ആര്യനാട് എന്നിവിടങ്ങളിലാണ് സ്വീകരണവും സമാപന യോഗങ്ങളും. 26ന് രാവിലെ 10ന് വെള്ളറട,11ന് നെയ്യാറ്റിൻകര, 4ന് വിഴഞ്ഞത്തെയും പര്യടനം പൂർത്തിയാക്കി പുത്തരിക്കണ്ടം നയനാർ പാർക്കിൽ വൈകിട്ട് 5ന് നടക്കുന്ന യോഗത്തോടെ ജാഥ സമാപിക്കും. യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എം.വി സ്‌കൂളിൽ നിന്ന് ജാഥാംഗങ്ങളെ തുറന്ന ജീപ്പിൽ സ്വീകരിച്ച് നായനാർ പാർക്കിലേക്ക് കൊണ്ടുപോകും.
എം.വി ഗോവിന്ദൻ, പി.വസന്തം, തോമസ് ചാഴിക്കാടൻ തുടങ്ങിയവർ ജാഥകളിൽ പങ്കെടുക്കും. എൽ.ഡി.എഫ് നേതാക്കളായ ജി.ആർ. അനിൽ, ഫിറോസ് ലാൽ, നന്ദിയോട് സുഭാഷ് ചന്ദ്രൻ,പാളയം രാജൻ, ആർ. സതീഷ്കുമാർ, എൻ.എം.നായർ, എം.എം.മാഹിൻ, സഹായദാസ് നാടാർ, എസ്.വി.സുരേന്ദ്രൻനായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |