തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെ അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം കൂടി സർക്കാർ റദ്ദാക്കി. ഇതോടെ ഇ.എം.സി.സിയുമായി ബന്ധപ്പെട്ട രണ്ട് ധാരണാപത്രങ്ങളിൽ നിന്നും സർക്കാർ പിൻമാറി. ഇനി ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ച നടപടി മാത്രമാണ് ശേഷിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇ.എം.സി.സിയുമായി കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് 5000 കോടിയുടെ ധാരണാപത്രം കെ.എസ്.ഐ.ഡി.സി (വ്യവസായ വികസന കോർപറേഷൻ) ഒപ്പിട്ടത്. പ്രതിപക്ഷത്തിനു പുറമെ മത്സ്യത്തൊഴിലാളികളും ലത്തീൻസഭയും എതിർപ്പ് ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ശരിതെറ്റുകൾ വാദിച്ച് നിൽക്കാതെ കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് ധാരണാപത്രം റദ്ദാക്കാൻ നിർദ്ദേശിച്ചത്.
കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ 2950 കോടിയുടെ ട്രോളർ നിർമാണ പദ്ധതിക്ക് ഈ മാസം 2ന് ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ 22 നാണ് റദ്ദാക്കിയത്.
എന്നാൽ 3ന് പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് വ്യവസായവകുപ്പ് നാലേക്കർ അനുവദിച്ചത് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ അലോട്ട്മെന്റ് ലെറ്റർ മാത്രമാണ് പുറത്തിറക്കിയതെന്നും 5.49കോടി ഇ.എം.സി.സി.യിൽ നിന്ന് ഇൗടാക്കി ഭൂമി കൈമാറ്റം നടത്തിയിട്ടില്ലെന്നുമാണ് സർക്കാർ വാദം. എന്നാൽ ഭൂമിവില ഇതുവരെ അടയ്ക്കാത്തതിനാൽ ഇതും പുനഃപരിശോധിക്കാനാണ് സാദ്ധ്യത.
കെ.എസ്.ഐ.ഡി.സി എം.ഡി. രാജമാണിക്യവും ഇ.എം.സി.സി. ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു മേത്രറ്റായിൽ വർഗീസും തമ്മിലാണ് 5000 കോടിയുടെ ധാരണപത്രം ഒപ്പുവച്ചത്.ഇത് പ്രകാരം സംസ്ഥാനത്ത് ആഴക്കടൽ മത്സ്യബന്ധന വ്യവസായ മേഖലയുടെ സമഗ്രവളർച്ചയ്ക്കായി സഹകരിക്കാനും അയ്യായിരം കോടിയുടെ നിക്ഷേപം ഇൗ മേഖലയിൽ നടത്താനും ധാരണയുണ്ടായിരുന്നു. ഈ ധാരണാപത്രത്തിന് ആറുമാസത്തെ കലാവധിയേയുള്ളൂവെന്നാണ് സർക്കാർ പറഞ്ഞിരുന്നതെങ്കിലും അതിന്റെ തുടർ നടപടിയായി മറ്റൊരുധാരണാപത്രം കൂടി ഒപ്പുവയ്ക്കുകയും സ്ഥലം അനുവദിക്കുകയും ചെയ്തതോടെ ആ വാദവും നിലനിൽക്കാതായി.
ആഴക്കടൽ മത്സ്യബന്ധന വ്യവസായവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ എല്ലാ ഇടപെടലുകളും റദ്ദാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 27ന് യു.ഡി.എഫ് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് പൂന്തുറയിൽ ചെന്നിത്തലയുടെ സത്യഗ്രഹം
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ആരോപണവിധേയയായ ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക, മത്സ്യനയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കുക, ജുഡിഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൂന്തുറയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 മുതൽ 4 മണി വരെ സത്യഗ്രഹം നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപനം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ ചാകരയ്ക്ക് യു.ഡി.എഫ്, പ്രതിരോധവല വിരിച്ച് സർക്കാർ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം രാഷ്ട്രീയ ചാകരയാവുമെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ് അതു സജീവ വിഷയമായി നിലനിറുത്താനുള്ള തന്ത്രങ്ങൾ പുറത്തെടുക്കുമ്പോൾ, എന്തുവിലകൊടുത്തും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫും സർക്കാരും.
നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങെത്തിയതിനാൽ പ്രതിസന്ധി ഇടതുകേന്ദ്രങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷമാകട്ടെ വിവാദം പരമാവധി കൊഴുപ്പിക്കുകയാണ്. ഇന്നലെ രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ബോട്ട് യാത്ര നടത്തിയതും ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസം അനുഷ്ഠിക്കുന്നതും ഇതിന്റെ ഭാഗമാണ്. സർക്കാരാകട്ടെ, 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ നിർമ്മിക്കുന്നതടക്കം, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇ.എം.സി.സി ഒപ്പുവച്ച 2950കോടിയുടെ ധാരണാപത്രം ആദ്യം റദ്ദാക്കി. വ്യവസായ വികസന കോർപ്പറേഷൻ ഒപ്പുവച്ച 5000കോടിയുടെ ധാരണാപത്രവും റദ്ദാക്കാൻഇന്നലെ സർക്കാർ നിർദ്ദേശിച്ചത് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണെന്ന് വിലയിരുത്തുന്നു. ഇടപാട്തങ്ങൾപുറത്തെത്തിച്ചതുകൊണ്ട് മാത്രമാണ് സർക്കാർപിൻമാറിയതെന്ന് പ്രതിപക്ഷം വാദിക്കുന്നു. ലത്തീൻ അതിരൂപതയും കേരള കത്തോലിക്കാ മെത്രാൻ സമിതിയും സർക്കാരിനെതിരെ തിരിഞ്ഞതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു. എന്നാൽ, സ്വർണക്കടത്ത് കേസിലേതുപോലെ, സംഭവം ഉദ്യോഗസ്ഥ വീഴ്ചയായി ചിത്രീകരിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ശ്രമം. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികളും സ്വകാര്യ കുത്തകകൾക്ക് കടൽത്തീരം തീറെഴുതാൻ ദേശീയതലത്തിൽ സ്വീകരിക്കുന്ന ഉദാരവത്കരണ നയങ്ങളും ബോധ്യപ്പെടുത്തി പ്രതിരോധിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽസെക്രട്ടറി പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള തീരമേഖലാ പ്രചാരണജാഥയുടെ ലക്ഷ്യവും ഇതാണ്. മാർച്ച് ഒന്നിന് യു.ഡി.എഫിന്റെ തീരമേഖലാ പ്രചാരണജാഥ തുടങ്ങുകയാണ്. ചിത്തരഞ്ജന്റെ ജാഥാസമാപനം മാർച്ച് നാലിന് വിഴിഞ്ഞത്ത് വിപുലമായ മത്സ്യത്തൊഴിലാളി സംഗമത്തോടെ സംഘടിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രി നേരിട്ടെത്തി രാഷ്ട്രീയവിശദീകരണം നൽകിയേക്കും. ഭരണഘടനപ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ 22 കിലോമീറ്റർ തീരക്കടൽ മാത്രമേ വരൂ. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവാദം നൽകാൻ കഴിയില്ലെന്നിരിക്കെ, ചില ഉദ്യോഗസ്ഥർ സർക്കാരിനെ കുഴിയിലാക്കാൻ ഗൂഢനീക്കം നടത്തിയെന്നാണ് ഇടതുമുന്നണി വാദിക്കുന്നത്. 1991ൽ ആഗോളവത്കരണത്തിന് തുടക്കമിട്ടപ്പോൾ മുതൽ കടൽത്തീരം കുത്തകകൾക്ക് തീറെഴുതാൻ നീക്കം നടത്തിയവരാണ് കോൺഗ്രസുകാരെന്നും സി.പി.എം ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഒമ്പത് ജില്ലകളിലുള്ള 35 തീരദേശ മണ്ഡലങ്ങളിൽ 2016ൽ വിജയിച്ചത് ഇടതുമുന്നണിയാണ്. യു.ഡി.എഫ് വിജയം 14 ഇടത്ത് മാത്രമായിരുന്നു. പൂർണ്ണമായും കടലോരം മാത്രമായ മണ്ഡലങ്ങളുമുണ്ട്. തെക്കൻ, മദ്ധ്യ ജില്ലകളിലായി പത്തിലേറെ മണ്ഡലങ്ങൾ പുതിയ സാഹചര്യത്തിൽ തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
ഇ.എം.സി.സിക്ക് വിശ്വാസ്യത ഇല്ല:മന്ത്രി മേഴ്സിക്കുട്ടി
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനത്തിന് ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കമ്പനിയെക്കുറിച്ച് മികച്ച അഭിപ്രായം സർക്കാരിനില്ല. കമ്പനിയെപ്പറ്റി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ല. പ്രതിപക്ഷ നേതാവ് നുണ പ്രചാരണം നടത്തുന്നു. 'ധാരണാപത്രം ഒപ്പുവെച്ചതിൽ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി 2 ന് എം.ഒ.യു ഒപ്പിട്ടു. അതെന്തിനായിരുന്നു? എൻ.പ്രശാന്ത് ഐ.എ.എസിന് ഇതിലെന്താണ് താല്പര്യം. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഗവൺമെന്റ് സംശയിക്കുന്നു. എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. അന്വേഷണം നടക്കുകയാണ് . കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |