ന്യൂഡൽഹി: ഡിജിറ്റൽ ഉളളടക്കങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലും വാർത്താ സൈറ്റുകളിലും ഒടിടി പ്ളാറ്റ്‌ഫോമുകളിലുമുളള വസ്‌തുതകളെ നിയന്ത്രിക്കാൻ ത്രിതല സംവിധാനം ഏർപ്പെടുത്തി. പുതിയ നിയമങ്ങൾ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾക്ക് കൂടുതൽ ചുമതലാബോധം നൽകുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.
വിവിധ മന്ത്രാലയങ്ങൾ വഴി സമൂഹമാദ്ധ്യമങ്ങളിലെ ഉളളടക്കങ്ങളിൽ മേൽനോട്ട സമിതിയുണ്ടാകും. ഇന്ത്യയുടെ സമഗ്രതയും പരാമാധികാരത്തെയും ബാധിക്കുന്ന ഒന്നും പങ്കുവയ്‌ക്കാൻ പാടില്ല. നിയമവിരുദ്ധമായ ഉളളടക്കം സമയബന്ധിതമായി നീക്കം ചെയ്യണം. ദേശീയ സുരക്ഷയെ ബാധിക്കുന്നവ ഉണ്ടാകാൻ പാടില്ല. സ്‌ത്രീകളെ അപമാനിക്കുന്ന ഉളളടക്കമുളള വിവരങ്ങൾ 24 മണിക്കൂറിനകം നീക്കിയിരിക്കണം. സമൂഹമാദ്ധ്യമങ്ങൾക്ക് മാദ്ധ്യമ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ സ്വാതന്ത്ര്യം നിയന്ത്രിച്ച് പ്രവർത്തിക്കണമെന്നും കേന്ദ്ര സർക്കാർ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താനുളള സംവിധാനം വേണം.
പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, ഐ.ബി, നിയമം, ഐടി, വനിത-ശിശുക്ഷേമം മുതലായ വകുപ്പുകളുടെ പ്രതിനിധി ഉൾപ്പെടുന്ന മേൽനോട്ട സമിതിയുടെ ചുമതല ജോയിന്റ് സെക്രട്ടറി പദവിയുളള ഒരു ഉദ്യോഗസ്ഥനാകും. നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികാരമുളളതാകും കമ്മിറ്റി. മോശമായ ഉളളടക്കം പങ്കുവയ്‌ക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനോ, ശാസിക്കാനോ, ഉപദേശിക്കാനോ, താക്കീത് നൽകാനോ കമ്മിറ്റിക്ക് അധികാരമുണ്ടാകും.
പ്രചരിക്കുന്ന വാർത്തകളുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം നിലവിൽ ഉപഭോക്താക്കൾക്ക് വാട്‌സാപ്പും സിഗ്‌നലും നൽകുന്ന സ്വകാര്യത വാഗ്‌ദാനങ്ങളുടെ ലംഘനമാണ്. സമൂഹമാദ്ധ്യമങ്ങൾ ഒരു സന്ദേശം ആദ്യം സൃഷ്‌ടിച്ചതാരാണെന്ന് കണ്ടെത്താനുളള സംവിധാനം വേണം. നിയമവിരുദ്ധമായ ഉളളടക്കങ്ങൾ കണ്ടെത്തി 36 മണിക്കൂറുകൾക്കകമോ അല്ലെങ്കിൽ കോടതി ഉത്തരവ് ലഭിച്ച ശേഷമോ നീക്കം ചെയ്യണം. കമ്പനികൾ പരാതികൾ സ്വീകരിക്കാനും നീക്കം ചെയ്യാനും അത്തരം പരാതികൾ പരിഹരിക്കാനും ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. ഇൻഫർമേഷൻ ടെക്‌നോളജി(ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആന്റ് ഡിജിറ്റൽമീഡി എത്തിക്‌സ് കോഡ്) റൂൾസ് 2021 എന്നാണ് പുതിയ നിയമങ്ങളുടെ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |