തിരുവനന്തപുരം: മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന പ്രതീതി ഉണ്ടാകുന്നതിന്റെ കാരണം സംസ്ഥാനത്ത് രോഗം കൂടുതൽ കാര്യക്ഷമമായി കണ്ടെത്തുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഏറ്റവും കുറച്ച് മരണനിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവും നൽകുന്ന കേരളത്തെ വസ്തുതകൾ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാൻ ഈ വ്യാജപ്രചാരകർക്ക് സാധിക്കില്ലെന്നും കേരളത്തിൽ രോഗവ്യാപനം ക്രമാനുഗതമായി കുറഞ്ഞുവരുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്നും വരുന്നവർക്ക് കർണാടകത്തിൽ പ്രവേശിക്കാൻ അവിടത്തെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും മുഖ്യമന്ത്രി തന്റെ പ്രതികരണം അറിയിച്ചു.
അന്തർസംസ്ഥാന യാത്രക്കുളള കേന്ദ്രമാനദണ്ഡം എല്ലാവരും പാലിക്കേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കിൽ ജനങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സവിശേഷ സാഹചര്യം അനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരാമെങ്കിലും അത് പൊതുമാനദണ്ഡങ്ങൾക്ക് വിരുദ്ധമാകാൻ പാടില്ല. കർണാടകയുടെ ഈ സമീപനത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കേരളത്തിന് അനുകൂലമായ നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തർസംസ്ഥാന യാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു സമയത്ത് പതിനായിരത്തിലധികം കൊവിഡ് കേസുകളും ഏകദേശം നൂറ്റമ്പതിലധികം മരണങ്ങളും കർണാടകത്തിലുണ്ടായിരുന്നു. അവിടെ ഏകദേശം മൂന്ന് കോടി ആളുകൾക്ക് രോഗം വന്നുപോയിട്ടുണ്ട്. പഠനങ്ങൾ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ പത്തിലൊന്ന് ആൾക്കാർക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ല. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |