സ്വന്തം ആത്മവിശ്വാസവും അർപ്പണമനോഭാവവും ചിരാത് പോലെ ജീവിതത്തിലും വെളിച്ചമായ ഒരു വീട്ടമ്മയെ അറിയാം. ഉപജീവനത്തിനു വേണ്ടി വലിയ കാൻവാസിൽ വര തുടങ്ങിയതാണ് രമ സജീവനെന്ന ഈ വീട്ടമ്മ. ചിത്രകല പഠിക്കുകയോ സിനിമാപാരമ്പര്യമോ ഇല്ലാതെ തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്തുവെന്നതാണ് പ്രത്യേകത.
കൂത്താട്ടുകുളം സ്വദേശിയായ രമയുടെ ജീവിതവും ഒരു കഥപോലെയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പെൺകുട്ടി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നതാണ് ചിരാത് എന്ന ചിത്രത്തിന്റെ കഥാതന്തു. ഒരു പക്ഷേ രമയുടെതന്നെ ജീവിതത്തിന്റെ പ്രതിഫലനമാകാം ചിരാത് എന്ന സിനിമ.
പത്താം തരം വിദ്യാഭ്യാസം മാത്രമുള്ള രമയുടെ കുടുംബജീവിതം സാമ്പത്തിക പ്രതിസന്ധി മൂലം താളം തെറ്റിയപ്പോൾ മൂലധനത്തിനാണ് ചിത്രകലയിൽ ഒരു കൈ പരീക്ഷിച്ചത്. 28 വർഷം മുൻപ് അയൽവാസികളായ ചെല്ലമ്മ, രവി എന്നീ ദമ്പതികളുടെ ഛായാചിത്രം വരച്ചായിരുന്നു തുടക്കം. ചിത്രം പൂർത്തിയാക്കാൻ 20 ദിവസമെടുത്തു. ഛായാചിത്രത്തിലെ പ്രതിഫലനം കണ്ട് തൃപ്തരായ ദമ്പതികൾ മോശമല്ലാത്ത പ്രതിഫലവും നൽകി, കൂടാതെ നല്ല പ്രാചാരകരുമായി. അതോടെ തലവര തെളിഞ്ഞ രമ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയുമായി.
ചിത്രങ്ങൾ വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ് രമ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ചെലവുകളെല്ലാം നടത്തിയത്. ഭർത്താവിന്റെ വിയോഗം രമയുടെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് 2014 ൽ കട മുറി വാടകയ്ക്കെടുത്ത് ആർട്ട് പോയിന്റ് എന്ന പേരിൽ ചിത്രകല വിപുലപ്പെടുത്തി. രമയുടെ വിരൽ സ്പർശമറിഞ്ഞ ചിത്രങ്ങൾ 5000 മുതൽ 2 ലക്ഷം മതിപ്പോടെ കടൽ കടന്ന് പോയി.
ചിത്രങ്ങൾ കോറിയിടുന്ന നിശബ്ദനിമിഷങ്ങളിലാണ് രമയ്ക്ക് വരച്ച ചിത്രങ്ങൾ സിനിമ ആക്കാമെന്ന ആശയം ജനിക്കുന്നത്. സിനിമ കാണുമെന്നല്ലാതെ സാങ്കേതിക വശങ്ങളെക്കുറിച്ച് രമയ്ക്ക് അറിവില്ലായിരുന്നു. സിനിമയിൽ യാതൊരു മുൻ പരിചയവുമാല്ലാത്ത രമ ഒടുവിൽ തിരക്കഥ എഴുതി സംവിധാനം ചെയ്തു. അങ്ങനെ ചിരാത് ജന്മം കൊണ്ടു. വെറു 16 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയിൽ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരാണ് ചിരാതിന്റെ അണിയറ പ്രവർത്തകർ. ടിവി താരങ്ങളും പുതുമുഖങ്ങളുമാണ് നടീനടൻമാർ. ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. 1 മണിക്കൂർ 45 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ഒടിടി റിലീസിനുള്ള ശ്രമത്തിലാണ് രമ ഇപ്പോൾ.
ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് അടുക്കളയിൽ നിന്നും അരങ്ങത്തെത്തിയ ഈ വീട്ടമ്മ. ജീവിതത്തിലെ ആവശ്യങ്ങളും പ്രതികൂല സാഹചര്യങ്ങളും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ഊർജ്ജമായി. രമയുടെ ചിത്രങ്ങൾ പോലെ ചിരാതും കടൽ കടന്ന് കീർത്തി കേൾക്കട്ടെയെന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |