തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, തലസ്ഥാന ജില്ല പോരാട്ടച്ചൂടിലേക്ക്. മൂന്ന് മുന്നണികളിൽ നിന്നും വമ്പന്മാർ ഗോദയിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്ന ഉദ്വേഗമുനയിലാണ് തലസ്ഥാന മണ്ഡലങ്ങൾ പലതും. അതിലേറ്റവും ശ്രദ്ധേയമാവുക നഗരപരിധിയിൽപ്പെട്ട നാല് മണ്ഡലങ്ങളാവും. ശക്തമായ സാന്നിദ്ധ്യമായ ബി.ജെ.പി, നാലിടത്തും ലക്ഷണമൊത്ത ത്രികോണപ്പോരിന് കളമൊരുക്കും.
വി.ഐ.പി മത്സരത്തിനുള്ള സാദ്ധ്യതകളേറെ പ്രവചിക്കുന്നത് കഴക്കൂട്ടത്ത്. ഇടതുമന്ത്രിസഭയിൽ തലസ്ഥാനത്തിന്റെ പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രൻ അവിടെ വീണ്ടും മാറ്റുരയ്ക്കുമ്പോൾ, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പേരും ബി.ജെ.പി അന്തരീക്ഷത്തിലുയർത്തുന്നു. കഴിഞ്ഞ തവണ റണ്ണർഅപ്പായ മുരളീധരൻ, ഇക്കുറിയെത്തുന്നെങ്കിൽ അത് കേന്ദ്രമന്ത്രിയെന്ന വർദ്ധിത പരിവേഷത്തോടെയാവും. യു.ഡി.എഫിൽ പല പേരുകളുമുയരുന്നുണ്ട്. ജി. സുബോധൻ, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എന്നിവർ തൊട്ട് ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കിൽ സാക്ഷാൽ വി.എം. സുധീരന്റെ വരെ പേരുകൾ അതിലുണ്ട്.
ബി.ജെ.പിയുടെ കേരളത്തിലെ ഏക സിറ്റിംഗ് എം.എൽ.എയുള്ള നേമത്ത് ഇക്കുറി അവരുടെ മുൻനിര നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കാൻ സാദ്ധ്യതയേറി. സി.പി.എമ്മിൽ നിന്ന് വി. ശിവൻകുട്ടിയുടേതും ടി.എൻ. സീമയുടേതുമടക്കം പേരുകളുയരുന്നു. കോൺഗ്രസിൽ മുൻ സ്പീക്കർ എൻ. ശക്തൻ തൊട്ട് സുഭാഷ് ചന്ദ്രബോസ് വരെയുള്ള പേരുകളാണ് ചർച്ചയിൽ. വട്ടിയൂർക്കാവിൽ സി.പി.എമ്മിന്റെ മേയർ ബ്രോ വി.കെ. പ്രശാന്തിനെ പിടിച്ചുകെട്ടാൻ മുൻ അംബാസഡർ വേണുരാജാമണിയെ കോൺഗ്രസ് ഇറക്കുമെന്ന അഭ്യൂഹം ശക്തം. ബി.ജെ.പിയിൽ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേതുൾപ്പെടെ പേരുകളുയരുന്നു.
തിരുവനന്തപുരത്ത് വി.എസ്. ശിവകുമാർ തന്നെ വീണ്ടും കോൺഗ്രസിനായി എത്തുമെന്നാണ് സൂചനകൾ. അപ്രതീക്ഷിതമായി മാറ്റിയാൽ, മണക്കാട് സുരേഷ് ഉൾപ്പെടെയുള്ളവരുടെ പേരുകളുയരുന്നു. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്താൽ അഡ്വ. സുന്ദർ, ടി.എൻ. സീമ തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തിൽ. കഴിഞ്ഞ തവണ ശ്രീശാന്തിനെയിറക്കിയ ബി.ജെ.പി ഇക്കുറി സുരേഷ്ഗോപിയെ ഇറക്കുമെന്ന കഥകളും പ്രചരിക്കുന്നു. ജില്ലയിൽ ആകെ 14 മണ്ഡലങ്ങൾ.
2016ലെ തിരഞ്ഞെടുപ്പ് ചിത്രം
( വിജയിച്ച സ്ഥാനാർത്ഥികളും ഭൂരിപക്ഷവും രണ്ടാമതെത്തിയവരും).
വർക്കല- വി. ജോയി (സി.പി.എം) - 2386 - വർക്കല കഹാർ (കോൺഗ്രസ്)
ആറ്റിങ്ങൽ- ബി. സത്യൻ (സി.പി.എം)- 40,383 - കെ. ചന്ദ്രബാബു (ആർ.എസ്.പി)
ചിറയിൻകീഴ്- വി. ശശി (സി.പി.ഐ)- 14,322 - കെ.എസ്. അജിത് കുമാർ (കോൺഗ്രസ്)
നെടുമങ്ങാട്- സി. ദിവാകരൻ (സി.പി.ഐ)- 3621 - പാലോട് രവി (കോൺഗ്രസ്)
വാമനപുരം- ഡി.കെ. മുരളി (സി.പി.എം)- 9596 - ടി. ശരത്ചന്ദ്രപ്രസാദ് (കോൺഗ്രസ്)
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ (സി.പി.എം)- 7347 - വി. മുരളീധരൻ (ബി.ജെ.പി)
വട്ടിയൂർക്കാവ്- കെ. മുരളീധരൻ (കോൺഗ്രസ്)- 7622 - കുമ്മനംരാജശേഖരൻ (ബി.ജെ.പി)
തിരുവനന്തപുരം- വി.എസ്. ശിവകുമാർ (കോൺഗ്രസ്)- 10905 - ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)
നേമം- ഒ. രാജഗോപാൽ (ബി.ജെ.പി)- 8671 - വി. ശിവൻകുട്ടി (സി.പി.എം)
അരുവിക്കര- കെ.എസ്. ശബരീനാഥൻ (കോൺഗ്രസ്)- 21314 - എ.എ. റഷീദ് (സി.പി.എം)
പാറശാല- സി.കെ. ഹരീന്ദ്രൻ (സി.പി.എം)- 18566 - എ.ടി. ജോർജ് (കോൺഗ്രസ്)
കാട്ടാക്കട- ഐ.ബി. സതീഷ് (സി.പി.എം)- 849 - എൻ. ശക്തൻ (കോൺഗ്രസ്)
കോവളം- എം. വിൻസന്റ് (കോൺഗ്രസ്)- 2615 - ജമീല പ്രകാശം (ജെ.ഡി.എസ്)
നെയ്യാറ്റിൻകര- കെ. ആൻസലൻ (സി.പി.എം) - 9543 - ആർ. സെൽവരാജ് (കോൺഗ്രസ്).
2019ൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് (സി.പി.എം) വിജയിച്ചു. ഭൂരിപക്ഷം 14,465. മുഖ്യ എതിരാളി കെ. മോഹൻ കുമാർ (കോൺഗ്രസ്).
ആകെ വോട്ടർമാർ -27,27,826
പുരുഷന്മാർ- 12,96,021
സ്ത്രീകൾ- 14,31,753
ട്രാൻസ്ജൻഡർ- 52
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |