മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിവന്ന രണ്ടു പേരെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ഉളിയിൽ സ്വദേശി സുദേവൻ (65), പാട്യം പത്തായക്കുന്ന് സ്വദേശി ഋത്വിക് (19) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെ ചാവശ്ശേരി ശിവ-വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ തുറന്ന് അകത്തുകയറി സ്വർണത്തിന്റെ നാഗരൂപവും ചന്ദ്രക്കലയും കവർന്നു. മണ്ണോറയിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയാണ് ഇവിടെ എത്തിയത്. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ താലിയും രണ്ട് ഭണ്ഡാരങ്ങളിലുമുള്ള പണവും കവർന്നു. പോർക്കലി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ചാണ് കവർച്ച നടത്തിയത്.
തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിലെത്തിയ മോഷ്ടാക്കളെ നാട്ടുകാരും പൊലീസും പിന്തുടർന്നാണ് പിടികൂടിയത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച കമ്പി ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അടുത്തിടെ മേഖലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടന്ന കവർച്ചയ്ക്ക് പിന്നിൽ ഇവരാണെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം മട്ടന്നൂരിലെ മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച നടന്നിരുന്നു. ഏളന്നൂർ അയ്യപ്പ ക്ഷേത്രം, വെളിയമ്പ്ര കാഞ്ഞിരമണ്ണ് മഹാവിഷ്ണു ക്ഷേത്രം, കല്ലൂർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കവർച്ച. പ്രതികളുടെ പേരിൽ മുമ്പ് മറ്റിടങ്ങളിലും സമാന രീതിയിലുള്ള കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ക്ഷേത്ര മോഷണം വ്യാപകമായ സാഹചര്യത്തിൽ മട്ടന്നൂർ സി.ഐ. കെ.കെ.ബിജു, പ്രിൻസിപ്പൽ എസ്.ഐ. കെ.ഷാഹിദ്, എസ്.ഐ.മാരായ ഷിബു പോൾ, മാത്യു ജോസഫ്, സിവിൽ പൊലീസ് ഓഫീസർ ജയദേവ്, സജിത്ത് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപവൽക്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ക്ഷേത്ര കവർച്ചകൾ എല്ലാം സമാനമായ രീതിയിലായതിനാൽ ഒരു സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസിന് അന്വേഷണത്തിൽ മനസ്സിലായിരുന്നു. മൂന്നു ദിവസത്തോളമായി പൊലീസ് ചാവശ്ശേരിയിലെ ക്ഷേത്രങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |