ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പി.എസ്.എൽ.വി സി -51 റോക്കറ്റ് 19 ഉപഗ്രഹങ്ങളുമായി ശൂന്യാകാശത്തേക്ക് കുതിച്ചുയർന്നു. ബഹിരാകാശ മേഖലയിൽ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. രാവിലെ 10.24നായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് പി.എസ്.എൽ.വി സി -51 റോക്കറ്റ് കുതിച്ചുയരുന്നത്.
ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പി.എസ്.എൽ.വിയിൽ വിക്ഷേപിക്കുന്നത്. ഇന്ത്യയിൽ നിന്ന് സതീഷ് ധവാൻ സാറ്റ് അക്കാഡമി കൺസോർഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്. ഐ.എസ്.ആർ.ഒയുടെ ഐ.എൻ.എസ് 2ഡിടി, പിക്സൽ എന്ന സ്റ്റാർട്ടപ്പിന്റെ ആനന്ദ് സാറ്റ് എന്നിവ ഇന്ന് വിക്ഷേപിക്കാൻ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വേണ്ടെന്ന് വച്ചു.
സതീഷ് ധവാൻ സാറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയും ബഹിരാകാശത്തേക്ക് അയയ്ക്കുന്നുവെന്ന പ്രത്യേകതയുണ്ട്. നേരത്തെ ആൻഡ്രിക്സ് കോർപറേഷനാണ് വാണിജ്യവിക്ഷേപണങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ബഹിരാകാശ ഗവേഷണമേഖലയിൽ കൂടുതൽ വാണിജ്യസാദ്ധ്യതകൾ കണ്ടെത്താനും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |