തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള ചർച്ച കോൺഗ്രസിൽ വീണ്ടും സജീവമായി. വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് മുല്ലപ്പളളിയുടെ പേര് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പളളി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം താത്പര്യപ്പെടുന്നു. മുല്ലപ്പളളിക്ക് പകരം കെ സുധാകരൻ വരട്ടെയെന്നാണ് ഇവർ പറയുന്നത്.
മുല്ലപ്പളളി മത്സരിക്കുന്ന കാര്യത്തിലും കേരളത്തിൽ നിന്നുളള നേതാക്കൾക്ക് ഇടയിൽ ഭിന്നതയുണ്ട്. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്ന് മുല്ലപ്പളളി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലാണ് കെ.സി വേണുഗോപാൽ. ഇത് രാഹുൽഗാന്ധിയുടെ താത്പര്യം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. മുല്ലപ്പളളി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് വേണുഗോപാലിന് നിർബന്ധമുണ്ട്. എന്നാൽ എ.കെ ആന്റണിക്ക് ഇതിനോട് താത്പര്യമില്ലെന്നാണ് വിവരം. മുല്ലപ്പളളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരൻ അദ്ധ്യക്ഷസ്ഥാനം വഹിക്കട്ടെയെന്നാണ് ആന്റണിയുടെ നിലപാട്.
സുധാകരൻ വരുന്നത് ഗുണം ചെയ്യില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും, സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് എതിർപ്പ് അറിയിച്ചു. നേരത്തെ താൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ശ്രമിക്കുന്നത് ചിലർ തടയുന്നുവെന്ന് സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോഴും രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി തന്നെ സുധാകരൻ രംഗത്തെത്തിയിരുന്നു.
മുല്ലപ്പളളി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും താത്പര്യപ്പെടുന്നു. കെ സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ നേതൃതലത്തിൽ ഭിന്നതയുണ്ടാകുമെന്നാണ് കെ.സി വേണുഗോപാൽ പറയുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇതിനോട് യോജിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്ത നേതാവെന്ന വിശേഷണം സുധാകരനുണ്ട്. മുല്ലപ്പളളിക്ക് ആ പ്രശ്‌നമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു. പുറത്തുവരുന്ന സർവേകളെല്ലാം മുന്നണിക്ക് എതിരായതിനാൽ സുധാകരൻ വരുന്നത് പ്രവർത്തകർക്ക് ഇടയിലടക്കം ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനായി വാദിക്കുന്നവർ പറയുന്നത്.
കണ്ണൂർ സീറ്റിനായി ചർച്ച
കൽപ്പറ്റയിൽ എതിർപ്പ് ശക്തമായതോടെ കണ്ണൂർ നിയമസഭാ മണ്ഡലമാണ് മുല്ലപ്പളളി പുതുതായി നോട്ടമിട്ടിരിക്കുന്നത്. മുല്ലപ്പളളി കണ്ണൂരിൽ മത്സരിക്കുന്നതിനോട് സുധാകരന് എതിർപ്പില്ല. പകരം അദ്ധ്യക്ഷ സ്ഥാനമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തനിക്ക് അദ്ധ്യക്ഷ സ്ഥാനം നൽകിയാൽ കണ്ണൂരിൽ നിന്ന് വിജയിപ്പിക്കുന്ന കാര്യം ഏറ്റുവെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി കണ്ണൂരിൽ മത്സരിക്കണമെന്ന വാശിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |