കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് രണ്ടാം വട്ടവും ജനവിധി തേടും. മന്ത്രി ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിനാൽ പ്രാഥമിക പട്ടികയിലില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ സെക്രട്ടറിയേറ്റ് യോഗത്തെ അറിയിച്ചു.
മുഖ്യമന്ത്രി അടക്കമുള്ള വമ്പൻ പേരുകളുമായി കണ്ണൂരിലെ സി.പി.എം സ്ഥാനാർത്ഥി പട്ടിക, ഇന്നലെ ചേർന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗം തയ്യാറാക്കി. ചില മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളുണ്ട്.സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി കെ.കെ. ശൈലജ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ പട്ടിക സംസ്ഥാന കമ്മിറ്റിക്ക് കൈമാറും സംസ്ഥാന കമ്മിറ്റി പരിഗണിച്ച ശേഷം ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമുണ്ടാവും.
മന്ത്രി കെ.കെ. ശൈലജ കൂത്തുപറമ്പിൽ നിന്ന് മാറി മട്ടന്നൂരിൽ മത്സരിക്കും. രണ്ട് ടേം പൂർത്തിയാക്കിയ ടി.വി. രാജേഷ്, ജെയിംസ് മാത്യു, സി. കൃഷ്ണൻ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. തളിപ്പറമ്പിൽ കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പരിഗണനയിലുണ്ട്.പയ്യന്നൂരിൽ ടി. ഐ. മധുസൂദനൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി എന്നിവർക്കാണ് പരിഗണന. തലശേരിയിൽ എ. എൻ. ഷംസീർ രണ്ടാം തവണയും ജനവിധി തേടും.അഴീക്കോട്ട് എം..വി. സുമേഷ്, എം.വി. നികേഷ് കുമാർ, കല്യാശേരിയിൽ എസ്. എഫ്. ഐ നേതാവ് എം..വിജിൻ,എൻ. സുകന്യ എന്നിവരെയാണ് പരിഗണിക്കുന്നത്. കൂത്തുപറമ്പ്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകാനാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |