പാലക്കാട്: പൊള്ളുന്ന വേനലിൽ ജില്ല വെന്തുരുകുമ്പോൾ തുടർച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇന്നലെ കൂടിയ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞത്-23.5. ആർദ്രത-26%. മലമ്പുഴയിൽ ഇന്നലെ കൂടിയ ചൂട്-36.1, കുറഞ്ഞത്-23.3, ആർദ്രത-21%.
ഈ വർഷം ആദ്യമായി ഫെബ്രുവരി 28ന് ചൂട് 41 ഡിഗ്രിയെത്തി. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് 41 ഡിഗ്രി രേഖപ്പെടുത്തിയത്. ജനുവരി അവസാനത്തോടെ തന്നെ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. പട്ടാമ്പിയിൽ 36.4 ഡിഗ്രിയാണ് ഇന്നലെ കൂടിയ താപനില. കുറഞ്ഞത് 23ഉം ആർദ്രത രാവിലെ 91%, വൈകിട്ട് 14%. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 41 ഡിഗ്രി മാർച്ച് 30, 31, ഏപ്രിൽ 1, 2, 3, 4, 5, 19, 20 തീയ്യതികളിലാണ് രേഖപ്പെടുത്തിയത്.
ആരോഗ്യത്തിൽ ശ്രദ്ധ വേണം
കനത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയേറെയാണ്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് വെയിലേൽക്കരുതെന്നും നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |