ന്യൂഡൽഹി: ഡൽഹി സിവിൽ ബോഡി ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകൾ സ്വന്തമാക്കി ഭരണകക്ഷിയായ ആം ആദ്മി പാർട്ടി. അടുത്തവർഷം നടക്കാനിരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയ്ക്ക് നൽകുന്ന സന്ദേശമാണിതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതോടൊപ്പം അദ്ദേഹം പാർട്ടി പ്രവർത്തകരെ ട്വീറ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു.
' അഞ്ചിൽ നാല് സീറ്റുകൾ നേടിയ ആം ആദ്മി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ബി ജെ പിയെ ജനങ്ങൾക്ക് മടുത്തു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അരവിന്ദ് കെജ്രിവാളിന്റെ സത്യസന്ധമായ രാഷ്ട്രീയത്തിന് വോട്ട് ചെയ്യും'- അദ്ദേഹം ട്വീറ്റ് ചെയ്തു.
രാവിലെ ആരംഭിച്ച വോട്ടെണ്ണൽ പതിനൊന്ന് മണിയോടെയാണ് പൂർത്തിയായത്. കല്യാൺ പുരി, രോഹിണി-സി,ത്രിലോക്പുരി, ഷാലിമാർ ബാ എന്നീ വാർഡുകളിലാണ് അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി വിജയിച്ചത്. ചൗഹാൻ ബംഗാർ സീറ്റ് കോൺഗ്രസ് സ്വന്തമാക്കി. അഞ്ചിൽ ഒരു സീറ്റ് പോലും നേടാൻ ബി ജെ പിയ്ക്ക് കഴിഞ്ഞില്ല. ഉണ്ടായിരുന്ന ഒരു സീറ്റ് പോകുകയും ചെയ്തു. ഡൽഹിയിലെ 272 മുൻസിപ്പൽ കോർപറേഷൻ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തവർഷമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |