കോട്ടയം: സി പി എം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബി ജെ പിയിൽ ചേർന്നു. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ് വച്ചാണ് മിനർവ്വ ബി ജെ പിയിൽ ചേർന്നത്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയിൽ നിന്നാണ് ഇവർ ബി ജെ പി അംഗത്വം സ്വീകരിച്ചത്.
സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച മിനർവ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സാംസ്‌ക്കാരിക രംഗത്ത് നിന്നും ധാരാളം പേരെ പാർട്ടിയിലേക്ക് എത്തിക്കാനുളള നീക്കം ബി ജെ പി നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മിനർവ്വയുടെ കടന്നുവരവ്.
സി പി എം വിട്ട് ബി ജെ പിയിലേക്ക് പോയ മിനർവ്വ മോഹൻ തന്നെ പിന്തുണയ്‌ക്കാമെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നതായി ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പി സി ജോർജ് പറഞ്ഞിരുന്നു. പൂഞ്ഞാറിൽ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പറഞ്ഞ പി സി ജോർജ് എൻ ഡി എ പിന്തുണച്ചാൽ അവരോടുളള സ്‌നേഹം കൂടുമെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |