കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് മത്സരിക്കാൻ അവസരം നൽകണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്‌ണൻ. ചടയമംഗലം സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി അധികാരത്തിൽ വന്നശേഷം തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കണമെന്നാണ് പ്രയാറിന്റെ ഡിമാൻഡ്. ശബരിമല നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമാണെന്നും അദ്ദേഹം പറയുന്നു. പ്രയാർ ഗോപാലകൃഷ്‌ണൻ കേരളകൗമുദി ഓൺലൈനിനോട്..
ചടയമംഗലത്തെ കാര്യങ്ങൾ എന്തായി?
ചടയമംഗലത്ത് മത്സരിക്കാൻ അവസരം നൽകണമെന്ന് പാർട്ടി നേതാക്കളോടും യു.ഡി.എഫ് നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മണ്ഡലത്തിൽ ജയിച്ച ഏക കോൺഗ്രസുകാരനാണ് ഞാൻ. മിൽമയും ചടയമംഗലത്തെ ജഡായു പാറയുമൊക്കെ കെട്ടിപടുത്തത് ഞാനാണ്. അതിന് അവകാശവാദം ഉന്നയിക്കുന്ന പലരുമുണ്ട്. ആ അവകാശവാദങ്ങളെയെല്ലാം ഞാൻ അംഗീകരിക്കുന്നു. മുന്നാക്ക വികസന കോർപ്പറേഷൻ അടക്കം കിട്ടിയ അവസരങ്ങളെല്ലം നന്നായി ഞാൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശബരിമല ദി ബെസ്റ്റായാണ് നടത്തിയത്. ഇതിനെല്ലാം അവസരമുണ്ടാക്കിയത് ചടയമംഗലത്തെ ജനങ്ങളാണ്. അവർ എന്നോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം.
നേതാക്കന്മാരോട് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നത്?
ഞാൻ യോഗ്യനാണെങ്കിൽ സീറ്റ് നൽകണമെന്ന് പറഞ്ഞിട്ടുണ്ട്.
അവരുടെ പ്രതികരണം എന്തായിരുന്നു?
അവരുടെ പ്രതികരണം നിങ്ങളോട് പറയാൻ പറ്റുമോ? അവർ എല്ലാവരോടും തരാമെന്ന് പറയും. എന്നോടും അങ്ങനെ പറഞ്ഞു.
ലീഗിന് ചടയമംഗലം കൊടുക്കുമെന്ന ശ്രുതിയുണ്ടല്ലോ. ലീഗ് മത്സരിച്ചാൽ ചടയമംഗലത്ത് ജയിക്കുമോ?
അതിനു ഉത്തരം പറയേണ്ടത് ഞാനല്ല. നിങ്ങളെ പോലുളളവരാണ്. ലീഗിന് കൊടുത്താലും ഞാൻ മണ്ഡലത്തിൽ പ്രവർത്തിക്കും. പക്ഷേ യു.ഡി.എഫ് ജയിച്ചു കഴിഞ്ഞ് എനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം തരണം. അതാണ് എന്റെ ഡിമാൻഡ്.
സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം വേണമെന്നാണോ?
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം വേണമെങ്കിൽ യു.ഡി.എഫ് ജയിക്കണം. അത് യു.ഡി.എഫ് സംവിധാനം മൊത്തത്തിൽ വിചാരിക്കണം. യു.ഡി.എഫ് നേതാക്കന്മാർ അതിന് മനസു വയ്‌ക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്ന് ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകണമെങ്കിൽ ലീഗും ആർ.എസ്.പിയുമൊക്കെ വേണം. യു.ഡി.എഫിലെ എല്ലാ പാർട്ടികൾക്ക് വേണ്ടിയും എന്നെ കൊണ്ടു പറ്റുന്നത് ചെയ്യും. ശബരിമലയിൽ ഞാനെടുത്ത ധീരമായ നിലപാട് കാരണമാണ് 19 എം.പിമാർ കേരളത്തിലുണ്ടായതെന്ന് മനസിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസമുണ്ടോ. കൊല്ലത്തെ സ്ഥിതി എന്താണ്?
അധികാരത്തിൽ വരുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. കൊല്ലം ജില്ലയിൽ ചടയമംഗലം അല്ലാതെ മറ്റിടങ്ങളിലെ അവസ്ഥ ഞാൻ നോക്കിയിട്ടില്ല.
അവസാന നിമിഷം വരേയും താങ്കൾ സീറ്റിന് വേണ്ടി ശ്രമിക്കും
എന്റെ നേതാക്കന്മാരോടും പ്രവർത്തകരോടും ഞാൻ പറയും. അല്ലാതെ എന്താണ് ചെയ്യുക. യൂത്ത് കോൺഗ്രസുകാരും കെ.എസ്.യുക്കാരും ഇവിടെ ലീഗിന് സീറ്റ് നൽകുന്നതിന് എതിരെ സമരം നടത്തി. അത് ഞാനാ നടത്തിയതെന്നാണ് പറയുന്നത്. അതിന്റെ മുന്നിലും പിന്നിലും ഞാനില്ലായിരുന്നു. പാർട്ടിയോട് ആത്മാർത്ഥതയുളള പ്രവർത്തകർ അവരുടെ കടമ നിർവഹിക്കും.
പ്രാദേശികമായി ലീഗിനോട് കോൺഗ്രസിന് എതിർപ്പില്ലേ?
അത് പരിഹരിക്കാൻ മുസ്ലീം ലീഗ് ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പ്രാപ്‌തിയുണ്ട്. ലീഗിന്റെ എല്ലാ നേതാക്കളുമായും എനിക്ക് നല്ല ബന്ധമാണ്.
ചടയമംഗലത്തിന് പകരം മറ്റൊരു സീറ്റ് നൽകിയാൽ സ്വീകരിക്കുമോ?
അതൊക്കെ പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്.
ശബരിമല ഈ തിരഞ്ഞെടുപ്പിലും മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാണല്ലോ?
ആണെന്നതിൽ ഒരു സംശയവുമില്ല. ശബരിമല കേസുകൾ പിൻവലിക്കാൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അതിശക്തമായി പറഞ്ഞപ്പോൾ അനുസരണയോടെ കേട്ട പിണറായി വിജയനെ നിങ്ങൾക്കും അറിയാമല്ലോ. അതുകൊണ്ട് ശബരിമല പ്രധാന വിഷയം തന്നെയാണ്.
സീറ്റ് ആവശ്യപ്പെടുന്ന താങ്കൾക്ക് എൻ.എസ്.എസിന്റെ പിന്തുണയുമുണ്ടോ?
എന്നെ സ്ഥാനാർത്ഥിയാക്കണമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എൻ.എസ്.എസ് ആസ്ഥാനത്ത് 40 വർഷമായി സ്ഥിരം പോകുന്ന ഒരാളാണ് ഞാൻ. മന്നം ജയന്തിയും മന്നം സമാധിയും ഞാൻ മുടക്കാറില്ല. ഒരിടത്ത് മാത്രം പോകുന്ന ഒരാളല്ല ഞാൻ. ശിവഗിരിയുമായും വെളളാപ്പളളി സാറുമായുമൊക്കെ എനിക്ക് നല്ല ബന്ധമാണ്.
യു.ഡി.എഫ് വന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാമെന്ന് നേതാക്കന്മാർ വാക്ക് തന്നിട്ടുണ്ടോ?
ഇത് ടെൻഡർ വിളിച്ച് തരാൻ പറ്റില്ലല്ലോ. 1949ൽ മന്നത്ത് പദ്മനാഭനായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് . അതുകൊണ്ട് തന്നെ എൻ.എസ്.എസിന് അതിനകത്തൊരു സ്വാധീനമുണ്ട്. അതുപോലെ എസ്.എൻ.ഡി.പിക്കും ശബരിമലയിലും ചടയമംഗലത്തും സ്വാധീനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |